ഹൈക്കമാൻഡിനെ തള്ളി സിപിഎം പാർ‍ട്ടി കോൺഗ്രസ് സെമിനാറിൽ‍ പങ്കെടുക്കാൻ കെ.വി തോമസ്


സിപിഎം പാർ‍ട്ടി കോൺഗ്രസ് സെമിനാറിൽ‍ പങ്കെടുക്കുമെന്ന് മുതിർ‍ന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. എറണാകുളത്തെ വസതിയിൽ‍ വിളിച്ചു ചേർ‍ത്ത വാർ‍ത്താസമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്. രാഷ്‌ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം വാർ‍ത്താ സമ്മേളനം ആരംഭിച്ചത്. മാർ‍ച്ചിൽ‍ ഡൽ‍ഹിയിൽ‍ വച്ചു യെച്ചൂരിയെ കണ്ടപ്പോഴാണ് സിപിഎം പാർ‍ട്ടി കോൺ‍ഗ്രസ് സെമിനാറിൽ‍ സംസാരിക്കുന്ന കാര്യം തന്നോടു പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു

സെമിനാർ‍ ദേശീയ പ്രാധാന്യമുള്ളതായതുകൊണ്ടാണ് സംസാരിക്കാൻ അനുമതി തേടിയത്. എന്നാൽ‍ തനിക്ക് അനുമതി ലഭിച്ചില്ലെന്നു കെ.വി തോമസ് പറഞ്ഞു. താൻ നൂലിൽ‍ കെട്ടി വന്നയാളല്ല. കോൺഗ്രസിൽ‍ അച്ചടക്കത്തോടെ നിന്നയാളാണ് താൻ‍. പാർ‍ട്ടിയിൽ‍നിന്നു പുറത്താക്കുമെന്നു തന്നെ ഭീഷണിപ്പെടുത്തി. അതു ശരിയാണോയെന്നും തോമസ് ചോദിച്ചു. താൻ കണ്ണൂരിൽ‍ നടക്കുന്ന സിപിഎം പാർ‍ട്ടി കോൺഗ്രസ് സെമിനാറിൽ‍ പങ്കെടുക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

കെ.വി തോമസിനെയും ശശി തരൂരിനെയുമാണ് സിപിഎം പാർട്ടി കോൺഗ്രസിൽ സെമിനാറിൽ സംസാരിക്കാൻ ക്ഷണിച്ചിരുന്നത്. എന്നാൽ, കെപിസിസി വിലക്കുകയും കെപിസിസിയെ അനുസരിക്കാൻ ഹൈക്കമാൻഡ് നിർദേശിക്കുകയും ചെയ്തതോടെ ശശി തരൂർ പിന്മാറി. എന്നാൽ, നിലപാട് വ്യക്തമാക്കാതെ കെ.വി തോമസ് കഴിഞ്ഞ ദിവസങ്ങളിൽ മുന്നോട്ടു പോവുകയായിരുന്നു. 

കോൺഗ്രസിൽ ഇപ്പോൾ പ്രത്യേകിച്ചു സ്ഥാനമാനങ്ങളൊന്നുമില്ലാത്ത കെ.വി തോമസ് കടുത്ത അതൃപ്തിയിലാണ്. സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതോടെ അദ്ദേഹത്തിനു കോൺഗ്രസിൽനിന്നു പുറത്തേക്കുള്ള വഴി തെളിയും. സിപിഎമ്മിനെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ചെറിയാൻ ഫിലിപ്പ് അടുക്കമുള്ളവർ രംഗത്തുവന്നിരുന്നു.  കോൺഗ്രസിനു പുറത്തേക്കു പോകാൻ തയാറാവുകയാണെങ്കിൽ മാത്രമേ തോമസ് സെമിനാറിൽ പങ്കെടുക്കൂയെന്ന് ഇന്നലെ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞിരുന്നു.  എന്നാൽ, ഇതെല്ലാം തള്ളി സെമിനാറിൽ പങ്കെടുക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് തോമസ്.  ഇതിനിടെ, സെമിനാറിൽ‍ പങ്കെടുത്തതുകൊണ്ട് കോൺഗ്രസിൽ‍നിന്നു പുറത്താക്കപ്പെട്ടാൽ‍ കെ.വി. തോമസ് വഴിയാധാരമാകില്ലെന്നു സിപിഎം കണ്ണൂർ‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു.  സെമിനാർ‍ വിലക്ക് കോൺ‍ഗ്രസിന്‍റെ തിരുമണ്ടൻ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. പാർ‍ട്ടി സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ബാക്കി കാര്യങ്ങൾ‍ പറയേണ്ടത് അദ്ദേഹമാണ്. ആർ‍എസ്എസ് മനസുള്ളവരാണ് കെ.വി തോമസിനെ വിലക്കുന്നത്. നെഹ്റുവിന്‍റെ പാരമ്പര്യം ഉയർ‍ത്തിപ്പിടിക്കുന്ന കോൺഗ്രസുകാർ‍ കെ.വി തോമസ് സെമിനാറിൽ‍ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

കേന്ദ്ര− സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്കാണ് കെ.വി. തോമസിനെ ക്ഷണിച്ചിട്ടുള്ളത്. കോൺഗ്രസിന്‍റെ നിലപാട് പറയാനുള്ള വേദിയായി അതിനെ ഉപയോഗിക്കാവുന്നതാണ്. പക്ഷേ, വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്നതാണ് ദേശീയ കോൺഗ്രസിന്‍റെ ഇന്നത്തെ അവസ്ഥയെന്നും ജയരാജൻ പരിഹസിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed