റോയിട്ടേഴ്‌സിലെ മലയാളി മാധ്യമ പ്രവർത്തക തൂങ്ങിമരിച്ച നിലയിൽ
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവർത്തക തൂങ്ങി മരിച്ച നിലയിൽ. കാസർഗോഡ് വിദ്യാനഗർ ചാല റോഡ് ശ്രുതിനിലയത്തിൽ ശ്രുതി (28)യെയാണ് ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ∍റോയിട്ടേഴ്‌സ്∍ ബെംഗളൂരു ഓഫീസിൽ സബ് എഡിറ്ററാണ് ശ്രുതി. ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാർട്ട്‌മെന്റിലായിരുന്നു ശ്രുതിയും ഭർത്താവ് അനീഷും താമസിച്ചിരുന്നത്. ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു ഭർത്താവ് അനീഷ്.
നാട്ടിൽനിന്ന് അമ്മ ഫോൺ വിളിച്ചിട്ട് പ്രതികരണമുണ്ടാവത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിൽ എൻജിനീയറായ സഹോദരൻ നിശാന്ത് അപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റിയോട് ഫോണിൽ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇതേത്തുടർന്ന് എത്തിയപ്പോഴാണ് മുറിക്കുള്ളിൽ ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അതേസമയം, ശ്രുതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തി. ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അഞ്ചുവർഷം മുന്‍പായിരുന്നു ശ്രുതിയുടെ വിവാഹം നടന്നത്. വിദ്യാനഗർ ചാല റോഡിൽ താമസിക്കുന്ന മുൻ അധ്യാപകനും പരിസ്ഥിതിപ്രവർത്തകനുമായ നാരായണൻ പേരിയയുടെയും മുൻ അധ്യാപിക സത്യഭാമയുടെയും മകളാണ്.

