നക്‌സൽബാരി ഉണ്ടായതിന്‍റെ ഉത്തരവാദിത്വം സിപിഎമ്മിനാണെന്ന് സിപിഐയുടെ പ്രസിദ്ധീകരണം
ചിന്ത വാരികയിൽ വന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണം നവയുഗം. ചിന്ത വാരികയിലെ ലേഖനത്തിലുള്ളത് ഹിമാലയൻ വിഡ്ഢിത്തങ്ങളാണെന്നും നക്‌സൽബാരി ഉണ്ടായതിന്‍റെ ഉത്തരവാദിത്വം സിപിഎമ്മിനാണെന്നും നവയുഗത്തിൽ കുറ്റപ്പെടുത്തി. ശരിയും തെറ്റും സിപിഎമ്മിന് ഒരിക്കലും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. യുവാക്കൾക്ക് സായുധവിപ്ലവ മോഹം നൽകിയത് സിപിഎം ആണ്. കൂട്ടത്തിൽ ഉള്ളവരെ വർഗ വഞ്ചകർ എന്ന് വിളിച്ചത് ഇഎംഎസ് ആണെന്നും നവയുഗത്തിൽ വിമർശനമുയർന്നു.
സിപിഐയെ വിമർശിച്ച് ചിന്താ വാരികയിൽ ലേഖനമെഴുതി തർക്കത്തിന് തുടക്കമിട്ടത് ഇ. രാമചന്ദ്രനാണ്. കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും സിപിഐ ഉപേക്ഷിക്കണം. സ്വന്തം സഖാക്കളെ ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി ജയിലിൽ അടച്ച ചരിത്രമാണ് സിപിഐക്കുള്ളത്. അവസരവാദികളാണ് സിപിഐക്കാർ എന്നിങ്ങനെയായിരുന്നു ചിന്തയിലെ വിമർശനം. ഇതിന് പിന്നാലെ ലേഖനത്തിന് പാർട്ടി പ്രസിദ്ധീകരണത്തിലൂടെ മറുപടി നൽകുമെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

