സംസ്ഥാനത്തെ 248 സർക്കാർ സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരില്ല; പ്രമോഷൻ നടപടികൾ വൈകുന്നതിൽ പ്രതിഷേധം
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഹെഡ്മാസ്റ്റർ നിയമനം വൈകുന്നത് വിദ്യാലയങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. നിലവിൽ സംസ്ഥാനത്തെ 248 സർക്കാർ സ്കൂളുകളാണ് പ്രധാനാധ്യാപകരില്ലാതെ പ്രയാസപ്പെടുന്നത്. കൃത്യസമയത്ത് നടക്കേണ്ട പ്രമോഷൻ നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകിപ്പിക്കുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഹെഡ്മാസ്റ്റർ തസ്തികയ്ക്ക് തുല്യമായ അസിസ്റ്റന്റ് എജ്യുക്കേഷണൽ ഓഫീസർ (AEO) തസ്തികകളിലെ നിയമനങ്ങളും ഇതേ കാരണത്താൽ പൂർണ്ണമായി മുരടിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹെഡ്മാസ്റ്റർ ഒഴിവുകളുള്ളത് എറണാകുളം ജില്ലയിലാണ്; ഇവിടെ 38 സ്കൂളുകളിൽ പ്രധാനാധ്യാപകരില്ല. തൊട്ടുപിന്നിലുള്ള ഇടുക്കിയിൽ 37 വിദ്യാലയങ്ങളിലും കാസർകോട് 29 വിദ്യാലയങ്ങളിലും ഒഴിവുകളുണ്ട്. മറ്റ് ജില്ലകളിലെ കണക്കുകൾ പരിശോധിച്ചാൽ കോട്ടയത്ത് 25, കണ്ണൂരിലും തൃശ്ശൂരിലും 19 വീതം, മലപ്പുറത്തും ആലപ്പുഴയിലും 17 വീതം, പാലക്കാട് 15, വയനാട്ടിലും പത്തനംതിട്ടയിലും 11 വീതം, കൊല്ലത്ത് 7, തിരുവനന്തപുരത്ത് 3 എന്നിങ്ങനെയാണ് ഒഴിവുകൾ. പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും സർക്കാർ സ്കൂളുകളിലെ ഈ ഭരണസ്തംഭനം പരിഹരിക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ അധ്യാപക-രക്ഷിതൃ സംഘടനകളിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
vvdfcv

