കേരളം ചുട്ടുപൊള്ളുന്നു; ആറ് ജില്ലകളിൽ താപനില 40 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് താപനില ഉയരുന്നു. ആറ് ജില്ലകളിലെ താപനില 40 ഡിഗ്രി കടന്നേക്കുമെന്ന് കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മുന്നറിയിപ്പ് നൽകിയിരിക്കുന്ന ആറ് ജില്ലകളിൽ 11 മണി മുതൽ 3 മണിവരെ പുറത്തിറങ്ങുന്നവർ ജാഗ്രത പുലർത്തണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
പുനലൂരിൽ നഗരസഭാംഗത്തിന് ഇന്നലെ സൂര്യാതപമേറ്റിരുന്നു. വട്ടപ്പട സ്വദേശി ഡി ദിനേശനാണ് സൂര്യാതപമേറ്റത്. വീട്ടിലെത്തിയപ്പോൾ ശരീരത്ത് സൂര്യാഘാതമേറ്റ പാടുകൾ ദിനേശന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ദിനേശനെ ആശുപത്രിയിലെത്തിച്ച് പ്രഥമിക ശുശ്രൂഷകൾ നൽകിയിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ പ്രദേശമാണ് പുനലൂർ. 38.7 ഡിഗ്രി ചൂടാണ് പുനലൂരിൽ രേഖപ്പെടുത്തിയത്. സംസ്ഥാനം കടന്ന് പോകുന്നത് ഉഷ്ണ തരംഗത്തിന് സമാനമായ സാഹചര്യത്തിലൂടെയാണെന്നാണ് വിവരം.

