പോക്‌സോ കേസില്‍ റോയ് വയലാട്ട് കീഴടങ്ങി


പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കീഴടങ്ങി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലാണ് കീഴടങ്ങിയത്. റോയിയുടേയും സുഹൃത്ത് സൈജു തങ്കച്ചന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. പിന്നാലെ ഒളിവില്‍ പോയ റോയ് വലയാട്ട് ഇന്ന് രാവിലെയാണ് കമ്മീഷണറുടെ ഓഫീസിലെത്തിയത്. സൈജു തങ്കച്ചനും ഇന്ന് ഹാജരായേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണം സംഘം റോയ് വയലാട്ടിനായി തിരച്ചില്‍ നടത്തിയിരുന്നു. വീടും ഹോട്ടലും കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍. 2021 ഒക്ടോബര്‍ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത മകളും നല്‍കിയ പരാതിയിലാണ് റോയ് വയലാട്ട്, സൈജു തങ്കച്ചന്‍, കോഴിക്കോട് സ്വദേശിയായ അഞ്ജലി റീമാ ദേവ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.

കേസില്‍ അഞ്ജലിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് റോയിയും സൈജു തങ്കച്ചനും ജാമ്യം തേടി സുപ്രീംകോടതിയില്‍ എത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാനാകില്ലെന്നായിരുന്നു സുപ്രിംകോടതി അറിയിച്ചത്. ഇരയുടെ രഹസ്യമൊഴി ഉള്‍പ്പെടെ പരിശോധിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ഈ സാഹചര്യത്തില്‍ കേസില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. തുടര്‍ന്ന് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇരുവരും പിന്‍വലിച്ചു. ഇരയുടെ പരാതി കേസിലെ പ്രതിയായ അഞ്ജലി റിമ ദേവിന് എതിരേയായിരുന്നുവെന്നും അഞ്ജലിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും റോയ് വയലാട്ടിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ ചൂണ്ടിക്കാട്ടി. എന്നാല്‍ 17 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് ഇരയെന്ന് കോടതി നിരീക്ഷിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed