എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജപീഡന പരാതി: സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു


എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജപീഡന പരാതി നൽകിയെന്ന കേസിൽ സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എയർ ഇന്ത്യ സാറ്റ്സ് വൈസ് ചെയർമാൻ ബിനോയ് ജേക്കബ് ആണ് കേസിൽ ഒന്നാം പ്രതി. ‌‌ബിനോയ് ജേക്കബ്, സ്വപ്ന എന്നിവരുൾപ്പെടെ 10 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ പ്രതികൾക്കെതിരെ വ്യാജരേഖ ചമയ്ക്കലും ഗൂഢാലോചനക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. വ്യാജപരാതി ഉണ്ടാക്കിയത് എച്ച്ആർ മാനേജർ ആയിരുന്ന സ്വപ്ന സുരേഷായിരുന്നെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. എയർ ഇന്ത്യയിലെ ആഭ്യന്തര അന്വേഷണ സമിതിയേയും ക്രൈംബ്രാഞ്ച് പ്രതിയാക്കിയിട്ടുണ്ട്. കേസിൽ‍ രണ്ടാം പ്രതിയാണ് സ്വപ്ന. 2016 മാർച്ചിലാണ് എയർ ഇന്ത്യ ഗ്രൗണ്ട് ഓഫിസർ ആയിരുന്ന എൽ.എസ്. സിബുവിനെതിരെ 17 സ്ത്രീകൾ ഒപ്പിട്ട പീഡന പരാതി എയർപോർട്ട് അതോറിറ്റിക്ക് തപാലിൽ ലഭിച്ചത്. ഇതു വ്യാജമാണെന്നു സിബു വലിയതുറ പോലീസിൽ പരാതി നൽകി. ഇക്കാര്യം പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെ എഫ്ഐആർ റജിസ്റ്റർ ചെയ്തു ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണത്തിനു കൈമാറി. പരാതിയിൽ ഒപ്പിട്ട 17 പേരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. 

ഭൂരിഭാഗം പേരും പരാതിയെപ്പറ്റി അറിവില്ലെന്നും തങ്ങളല്ല ഒപ്പിട്ടതെന്നും മൊഴി നൽകി. എയർ ഇന്ത്യ സാറ്റ്സ് വൈസ് പ്രസിഡന്‍റ് ബിനോയ് ജേക്കബും ജീവനക്കാരി സ്വപ്ന സുരേഷുമാണ് ഒപ്പിടാൻ സമ്മർദം ചെലുത്തിയതെന്നു ചിലർ വെളിപ്പെടുത്തി. ഇതോടെയാണ് കേസിൽ തുടർനടപടികൾ നിലച്ചത്. എയർ ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരെ വരെ കേസിൽ ചോദ്യം ചെയ്തു. എന്നാൽ സ്വപ്നയെ മാത്രം ക്രൈംബ്രാഞ്ച് തൊട്ടില്ല. എയർ ഇന്ത്യയുടെ പരാതിയിൽ കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയ മറുപടിയിൽ, സ്വപ്നയെ ചോദ്യം ചെയ്യണമെന്നു ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ അതുണ്ടായില്ല. തെളിവൊന്നും കണ്ടെത്തിയില്ലെന്ന് കാണിച്ച് 2017 ഓഗസ്റ്റിൽ അന്വേഷണ ഉദ്യോഗസ്ഥൻ തിരുവനന്തപുരം ജില്ലാ കോടതിയിൽ റിപ്പോർട്ട് നൽകി. 2018 ൽ ഇക്കാര്യം പുറത്തു വന്നപ്പോൾ സിബു ഹൈക്കോടതിയെ സമീപിച്ചു. 2019 ജൂലൈയിൽ ഹൈക്കോടതി വിധി വന്നു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്നും സത്യസന്ധനായ ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നുമായിരുന്നു വിധി. തിരുവനന്തപുരത്ത് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുനരാരംഭിച്ചു. പരാതിയിൽ ഒപ്പിട്ട പെൺകുട്ടികളെയെല്ലാം വിളിച്ചുവരുത്തിയെങ്കിലും സ്വപ്നയെ വിളിച്ചില്ല. സിബു ക്രൈംബ്രാഞ്ച് എ‍ഡിജിപിയെ കണ്ടു വീണ്ടും പരാതി നൽകി. കോടതിയെയും സമീപിച്ചു. അഞ്ച് മാസത്തിനകം കുറ്റപത്രം നൽകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 2020ൽ സ്വപ്നയെ ആദ്യമായി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ചോദ്യം ചെയ്യുന്നതിനിടെ ഉന്നതർ ഇടപെട്ടതോടെ വിട്ടയച്ചു. ഒടുവിൽ സ്വർണക്കടത്ത് കേസിൽ വിവാദം മുറികിയതോടെയാണ് സ്വപ്നയെ രണ്ടാം പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് തയാറായത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed