നടൻ ദിലീപ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി


യുവനടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർ‍ത്താവ് ടി.എൻ. സുരാജ് എന്നിവരും കോടതിയിൽ ഹാജരായി. കോടതിയിൽ‍നിന്നു ജാമ്യമെടുക്കുന്നതിനാണ് പ്രതികൾ‍ നേരിട്ട് ഹാജരായത്. ഗൂഢാലോചന കേസിൽ‍ മുൻകൂർ‍ ജാമ്യമുണ്ടെങ്കിലും നടപടികളുടെ ഭാഗമായി ക്രൈംബ്രാഞ്ചിന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താം. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രതികൾ‍ കോടതിയിൽ‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഗൂഢാലോചന കേസിൽ‍ പ്രതികൾ‍ക്കെതിരേ ക്രിമിനൽ‍ ഗൂഢാലോചനക്കുറ്റം ചുമത്താൻ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് പി. ഗോപിനാഥാണ് ദിലീപിന് ഉൾപ്പെടെ മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിൽ‍ ഒന്നു മുതൽ‍ അഞ്ചു വരെ പ്രതികളായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർ‍ത്താവ് ടി.എൻ സുരാജ്, ബന്ധുവായ അപ്പു എന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവർ‍ക്കാണ് ജാമ്യം അനുവദിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴികളും മറ്റു തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയെങ്കിലും ഗൂഢാലോചന നടത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്പോൾ‍ പ്രതികൾ‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഉത്തരവിൽ‍ പറയുന്നു. 

ചോദ്യം ചെയ്യാൻ‍ വിളിച്ചാൽ‍ ഹാജരാകണം. തെളിവുകൾ‍ നശിപ്പിക്കരുത്, സാക്ഷികൾ‍ അറിയാവുന്ന കാര്യങ്ങൾ‍ കോടതിയെയോ പോലീസ് ഉദ്യോഗസ്ഥനെയോ അറിയിക്കുന്നതു തടയുകയോ ഇവരെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യരുത്. പാസ്‌പോർ‍ട്ട് ഉണ്ടെങ്കിൽ‍ മജിസ്‌ട്രേറ്റ് കോടതിയിൽ‍ ഹാജരാക്കണം. പാസ്‌പോർ‍ട്ട് ഇല്ലെങ്കിൽ‍ അക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽ‍കണം. ഹർ‍ജിക്കാർ‍ക്കെതിരേ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കൽ‍, കുറ്റം ചെയ്യാൻ രഹസ്യ പദ്ധതി തയാറാക്കൽ‍, വധിക്കാന്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ‍, പ്രതികൾ‍ കുറ്റം ചെയ്യാൻ ഏതെങ്കിലും നടപടിയെടുത്തതിനു നിലവിൽ‍ തെളിവുകളില്ല. ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനെ നേരിട്ടോ അല്ലാതെയോ പ്രതികൾ‍ ഭീഷണിപ്പെടുത്തിയെന്ന് കേസില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 2018 ജനുവരി 31നു വിചാരണ നടക്കുന്ന എറണാകുളം അഡീ. സ്‌പെഷൽ‍ സെഷന്‍സ് കോടതി പരിസരത്തു വച്ച് ദിലീപ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം രണ്ടു കാരണങ്ങളാൽ‍ സ്വീകാര്യമല്ലെന്ന് കോടതി പറഞ്ഞു. ഒരു കാരണം ഈ തീയതിയിൽ‍ കേസ് അങ്കമാലി ജുഡീഷൽ‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലായിരുന്നുവെന്നതാണ്. സാർ‍ കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ എന്നു ദിലീപ് പറഞ്ഞതിനെ ഭീഷണിയായി കാണാനാകില്ലെന്നതാണ് മറ്റൊരു കാരണം. പ്രോസിക്യൂഷൻ ആവശ്യപ്പെട്ടവയിൽ‍ ഒരു ഫോൺ (അഞ്ചു മാസങ്ങൾ‍ക്കു മുന്പ് 221 ദിവസം ഉപയോഗിച്ചിരുന്ന ഫോൺ) പ്രതികൾ‍ ഹാജരാക്കിയില്ലെന്നതിനാൽ‍ ഇവർ‍ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നു പറയാനാകില്ല. പ്രഥമദൃഷ്ട്യാ കുറ്റങ്ങൾ‍ തെളിയിക്കാന്‍ നിലവിൽ‍ തെളിവില്ലാത്ത സാഹചര്യത്തിൽ‍ ഇവയൊന്നും പരിഗണിക്കുന്നില്ല. പ്രതികളെ കസ്റ്റഡിയിൽ‍ എടുക്കാതെ അന്വേഷണം ശരിയായി നടത്താനാകുമെന്നും ഉത്തരവിൽ‍ പറയുന്നു. പ്രതികളെ അറസ്റ്റ് ചെയ്താൽ‍ കോടതിയിൽ‍ ഹാജരാക്കി ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്ക് രണ്ട് ആൾ‍ ജാമ്യവും വ്യവസ്ഥ ചെയ്തു വിട്ടയയ്ക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed