മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്തി സൈന്യം
ദീർഘമായ 48 മണിക്കൂറിനു ശേഷം ആശ്വാസകരമായ വാർത്തയെത്തി. മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്തി. മലമ്പുഴ ചെറാട് സ്വദേശി ആർ. ബാബു (23) വിനെ ശ്രമകരമായ ദൗത്യത്തിനു ശേഷം ദൗത്യസംഘം ചെറാട് കുമ്പാച്ചിമലയുടെ മുകൾത്തട്ടിൽ എത്തിച്ചു. ഇനി ഇവിടെനിന്ന് ബാബുവുമായി ദൗത്യസംഘം മലയിറങ്ങും. ബാബുവിന് അടുത്തേക്ക് എത്തിയ കരസേനയുടെ ദൗത്യസംഘാംഗം ആദ്യം അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും മരുന്നും നൽകി. അതിനു ശേഷം തന്‍റെ ശരീരത്തോട് ബാബുവിനെ ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചു. പിന്നീട് ഇരുവരും വടത്തിൽ മുകളിലേക്ക് കയറിത്തുടങ്ങി. മലയുടെ മുകളിൽ നിലയുറപ്പിച്ച ദൗത്യസംഘം ഇരുവരെയും മുകളിലേക്ക് വലിച്ച് ഉയർത്തുകയാണ് ചെയ്തത്. ഒരു ഘട്ടത്തിൽ മലയുടെ മുകളിൽനിന്ന് മറ്റൊരു ദൗത്യസംഘാംഗവും വടത്തിൽ താഴേയ്ക്ക് ഇവരെ സഹായിക്കാൻ ഇറങ്ങിവന്നു. പിന്നീട് മൂവരും ചേർന്നാണ് മലകയറിയത്. ഏതാണ്ട് അരമണിക്കൂറിനുള്ളിൽ തന്നെ ബാബുവുമായി മലകയറി എത്താൻ ദൗത്യസംഘത്തിനായി. മലമുകളിൽ എത്തിയ ശേഷം സൈന്യം ബാബുവിന് പ്രഥമശുശ്രൂഷ നൽകി. പാറയിൽ വീണ് ബാബുവിന്‍റെ കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.
രാത്രി വൈകിയാണ് കരസേന സംഘം മലമ്പുഴയിൽ എത്തിയത്. രാത്രിയിൽ തന്നെ രക്ഷാപ്രവർത്തനം ഇവർ ആരംഭിക്കുകയും ചെയ്തു. പുലർച്ചയോടെ രക്ഷാസംഘത്തിലെ ഒരാൾ ബാബുവിന് അടുത്തെത്തി ആത്മവിശ്വാസം പകർന്നു. മലയുടെ താഴ്ഭാഗത്തുനിന്നും കയറിവന്ന സംഘാംഗത്തിന് ബാബുവുമായി മുകളിലേക്ക് കയറാൻ കഴിയില്ലെന്ന് മനസിലായി. ഇതോടെ മറ്റൊരു ഭാഗത്തുകൂടി മലയുടെ മുകളിലെത്തിയ ശേഷം താഴേയ്ക്കു കയറിട്ട് ഇറങ്ങുകയായിരുന്നു. പർവതാരോഹകർ ഉൾപ്പെടെയുള്ളവർ സംഘത്തിൽ ഉണ്ടായിരുന്നതാണ് മണിക്കൂറുകൾക്കുള്ളിൽ ദൗത്യം വിജയിപ്പിക്കാൻ കഴിഞ്ഞത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ പാറക്കെട്ടിനു സമീപം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മടങ്ങിപ്പോയിരുന്നു. ചെങ്കുത്തായ കുമ്പാച്ചി മലയിലാണ് ബാബു കുടുങ്ങിയത്. കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റുമൂലം യുവാവിന്‍റെ അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിർത്താനോ സാധിച്ചില്ല. ശ്രമങ്ങൾ ഓരോന്നായി പരാജയപ്പെടുമ്പോഴും പ്രാർഥനയോടെ മലയുടെ അടിവാരത്തു കാത്തിരിക്കുകയായിരുന്നു നാട്ടുകാരും ബാബുവിന്‍റെ സുഹൃത്തുക്കളും. തിങ്കളാഴ്ച രാത്രിയോടെ പോലീസും ദുരന്തനിവാരണ സേനയും ഫോറസ്റ്റ്, ഫയർഫോഴ്സ് അടക്കമുള്ള സംഘം രക്ഷാപ്രവർത്തനത്തിനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്കു പോകാൻ സാധിച്ചില്ല. അതോടെ രാത്രി മലമുകളിൽതന്നെ സംഘം ക്യാമ്പുചെയ്യുകയാണ്. വന്യമൃഗങ്ങൾ വരാതിരിക്കാൻ തീപ്പന്തങ്ങളും മറ്റും ഉപയോഗിച്ചാണ് സുരക്ഷയൊരുക്കുന്നത്. വടം ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്കു ചെന്നെത്താനായിരുന്നു ആദ്യശ്രമം. എന്നാൽ ചെങ്കുത്തായ മലയായതിനാൽ വടം കെട്ടാനോ താ ഴേക്ക് ഇറങ്ങാനോ സാധിക്കാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ചു. നേവിയുടെ സഹായത്തോടെ ഹെലികോപ്റ്റർ എത്തിച്ച് എയർ ലിഫ്റ്റ് ചെയ്യാനായി അടുത്ത നീക്കം. ജില്ലാ കളക്ടർ ഇടപെട്ട് ഇതിനുവേണ്ട നടപടികൾ സ്വീകരിച്ചു. ഉച്ചയോടെ ഹെലികോപ്റ്റർ എത്തി. എന്നാൽ മലമുകളിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കാത്തതിനാൽ നിരീക്ഷണം പൂർത്തിയാക്കിയശേഷം ഹെലികോപ്റ്റർ മടങ്ങി. ബാബുവും മൂന്നു സുഹൃത്തുക്കളും തിങ്കളാഴ്ച ഉച്ചക്കാണ് മലകയറിയത്. ഇതിനിടയിലാണ് ബാബു കാൽവഴുതി കൊക്കയിലേക്കു വീണത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വടിയും മറ്റും ഇട്ടുകൊടുത്തു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് ഇവർ മല ഇറങ്ങിയശേഷം പോലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. വീഴ്ചയിൽ ബാബുവിന്‍റെ കാലിനു പരിക്കേറ്റിട്ടുണ്ട്. കൈയിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്‍റെ ഫോട്ടോ അയച്ചു കൊടുത്തിരുന്നു. ഹെലികോപ്റ്ററിലെ രക്ഷാപ്രവർ ത്തകർക്കു ഷർട്ട് വീശി കാണിക്കുകയും ചെയ്തിരുന്നു.


