ആരോഗ്യനില പൂർണതൃപ്തികരം; വാവ സുരേഷ് ആശുപത്രി വിട്ടു
പാന്പുകടിയേറ്റ് ഗുരതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വാവ സുരേഷിനെ ഡിസ്ചാർജ് ചെയ്തു. ആരോഗ്യനില പൂർണതൃപ്തികരമായതിനെ തുടർന്നാണ് ഇത്. കൃത്യ സമയത്ത് കിട്ടിയ പരിചരണം തനിക്ക് രണ്ടാം ജന്മം സാധ്യമാക്കിയെന്ന് വാവ സുരേഷ് പറഞ്ഞു. ഡോക്ടമാർക്കും മന്ത്രി വി.എൻ വാസവൻ അടക്കമുള്ളവർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇവർ തന്റെ കാണപ്പെട്ട ദൈവമാണെന്നും അദ്ദേഹം പ്രതികരിച്ചു.
നിലമെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജീവൻരക്ഷാ മരുന്നുകൾ എല്ലാം നിർത്തിയിരുന്നു. ചില ആന്റിബയോട്ടിക്കുകൾ മാത്രമാണ് ഉള്ളത്. ഒരാഴ്ച മുന്പാണ് പാന്പുകടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
സുരക്ഷിതമല്ലാത്ത രീതിയിലാണ് തന്റെ പാന്പുപിടുത്തമെന്ന് തന്നെ ഉപദേശിക്കുന്നവർ മുന്പും പലതരത്തിൽ പ്രചാരണം നടത്തിയവരാണെന്നും വാവാ സുരേഷ് പ്രതികരിച്ചു.പാന്പു പിടിത്തം മരണം വരെ നടത്തും. രീതിയിൽ മാറ്റം വരുത്തണോ എന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


