ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും


നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ സംഭവവികാസങ്ങളുണ്ടായ സാഹചര്യത്തിൽ‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും. ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പ് പങ്കുവച്ചാണ് താരങ്ങൾ പിന്തുണയുമായി എത്തിയത്. നിനക്കൊപ്പം എന്ന് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി കുറിച്ചു. ബഹുമാനമെന്നായിരുന്നു മോഹൻലാലിന്‍റെ പോസ്റ്റ്.  നടി മഞ്ജു വാര്യർ, പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, ടൊവിനോ തോമസ്, പാർവതി, കുഞ്ചാക്കോ ബോബൻ തുടങ്ങി ഒട്ടനവധി താരങ്ങളാണ് നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പ് ഷെയർ ചെയ്താണ് മഞ്ജു വാര്യർ രംഗത്തെത്തിയത്. കുറ്റം ചെയ്തതില്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായി. ഇരയാക്കപ്പെടലിൽ‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമിൽ‍ പങ്കുവച്ച കുറിപ്പിലൂടെ ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കി.

നടിയുടെ വാക്കുകൾ: “ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വർഷമായി എന്‍റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു. എനിക്കു വേണ്ടി സംസാരിക്കാൻ, എന്‍റെ ശബ്ദം നിലക്കാതിരിക്കാൻ. 

ഇന്ന് എനിക്കു വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുന്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കും. കൂടെനിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.”

You might also like

  • Lulu Exchange
  • Straight Forward

Most Viewed