മകളുടെ ആൺ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി; കള്ളനെന്ന് കരുതിയാണ് കുത്തിയതെന്ന് പിതാവ്

തിരുവനന്തപുരം
തിരുവനന്തപുരത്ത് മകളുടെ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. പേട്ട സ്വദേശിയായ അനീഷ് ജോർജ് എന്ന 19 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ ലാലു സംഭവത്തിന് ശേഷം പൊലീസിൽ കീഴടങ്ങി. കള്ളനാണെന്ന് കരുതിയാണ് കുത്തിയത് എന്നാണ് ലാലുവിന്റെ മൊഴി.
പേട്ടയിലെ ചാലക്കുടി ലൈനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. വീടിനുള്ളിൽ ശബ്ദം കേട്ട് ലാലു എഴുന്നേൽക്കുകയായിരുന്നു. എഴുന്നേറ്റ് നോക്കിയപ്പോൾ ഒരാൾ വീടിനുള്ളിൽ നിന്ന് ഓടി മാറുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇയാൾ കള്ളനാണെന്ന് കരുതി ലാലു ആക്രമിക്കുകയായിരുന്നു. വെട്ടുകത്തി കൊണ്ട് അനീഷിനെ കുത്തിവീഴ്ത്തി.
ഇതിന് ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ പറഞ്ഞു. വീട്ടിൽ ഒരാൾ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് എത്തിയാണ് അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തും മുന്പേ അനീഷ് മരിച്ചിരുന്നു.
പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയാണ്. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സംഭവം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. വീട്ടിൽ ലാലുവും ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്. ലാലുവിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.