ഒമിക്രോൺ വ്യാപനം അതിവേഗത്തിൽ; ജാഗ്രത വേണമെന്ന് കേന്ദ്രം


ന്യൂഡൽഹി: കോവിഡ് വകഭേദമായ ഒമിക്രോൺ ഡെൽറ്റയേക്കാൾ വ്യാപന ശേഷിയുള്ളതാണെന്നും ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോകത്തെ മൊത്തം കോവിഡ് കേസുകളിൽ 2.4 ശതമാനവും ഒമിക്രോൺ ആണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഇതുവരെ 101 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ട 19 ജില്ലകളുണ്ട്. ഇവിടെ കോവിഡ് വ്യാപനം വേഗത്തിലാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. കോവിഡ് മൂന്നാം തരംഗ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ മാസ്കുകളുടെ ഉപയോഗവും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. 

ആളുകൾ അനാവിശ്യ യാത്രകളും ഒത്തുചേരലുകളും ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു. ഡൽഹിയിൽ മാത്രം പുതുതായി ഇന്ന് 10 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. ഡൽഹിയിൽ ഇതുവരെ 20 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 10 പേർ ആശുപത്രി വിട്ടു. 11 സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച 14 പേർ‍ക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. കര്‍ണാടകയിൽ അഞ്ച് പുതിയ കേസുകളും ഡല്‍ഹി, തെലുങ്കാന സംസ്ഥാനങ്ങളിൽ നാലുവീതവും ഗുജറാത്തിൽ‍ ഒരാൾ‍ക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കേരളത്തിൽ അഞ്ച് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നാലുപേർക്ക് വൈറസ് ബാധ കണ്ടെത്തിയത്.

You might also like

  • Straight Forward

Most Viewed