നാലു വർഷത്തിനിടെ കൊച്ചി മെട്രോയുടെ നഷ്ടം 1092 കോടി

എറണാകുളം: നാലു വർഷം പിന്നിട്ട കൊച്ചി മെട്രോയുടെ നഷ്ടം ഓരോ വർഷം പിന്നിടുന്പോഴും വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ നാലു വർഷത്തിനിടെ 1092 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. 2017ൽ നിന്ന് 2021ലെത്തുന്പോൾ നഷ്ടം ഇരട്ടിയായി വർധിച്ചു.നഷ്ടക്കണക്ക് ഇങ്ങനെ: 2017−18: 167 കോടി രൂപ2018−19: 281 കോടി രൂപ2019−20: 310 കോടി രൂപ2020−2021: 334 കോടി രൂപ. യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതാണ് ഓരോ വർഷവും നഷ്ടം കൂടാൻ കാരണം. കൊവിഡിന് മുന്പ് ശരാശരി 65,000 പേരാണ് മെട്രോയിൽ സഞ്ചരിച്ചിരുന്നത്. 2020 ഓടെ പ്രതിദിനം 4.6 ലക്ഷം യാത്രക്കാരുണ്ടാമുമെന്നായിരുന്നു പദ്ധതി തുടങ്ങുന്പോഴുള്ള കണക്കുകൂട്ടൽ. എന്നാൽ കൊവിഡ് കൂടി ബാധിച്ചതോടെ എല്ലാം താളംതെറ്റി. ആദ്യ ലോക്ക്ഡൗണിന് ശേഷം സർവീസ് പുനരാരംഭിച്ചപ്പോൾ ശരാശരി 18,361 പേർ മാത്രമാണ് യാത്രയ്‌ക്കെത്തിയത്. രണ്ടാം ലോക്ക്ഡൗണിനു ശേഷം അത് 26,000 ആയി ഉയർന്നു.യാത്രക്കാരെ കൂട്ടാൻ നിരവധി ഓഫറുകളും ഇതിനകം മെട്രോ നടപ്പിലാക്കിയിട്ടുണ്ട്.
രാവിലെ ആറര മുതൽ എട്ടു മണി വരെയും വൈകിട്ട് എട്ടു മുതൽ 11 വരെയും 50 ശതമാനം ഇളവോടെ യാത്ര ചെയ്യാം. യാത്രക്കാരെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ, ഡിസംബർ അഞ്ചിന് വൈറ്റില−ഇടപ്പള്ളി, ആലുവ−ഇടപ്പള്ള റൂട്ടിലും തിരിച്ചും സൗജന്യ യാത്ര അവതരിപ്പിച്ചിരുന്നു. എന്നാൽ അന്നത്തെ യാത്രക്കാരുടെ എണ്ണവും 50,233 പേരിലൊതുങ്ങി. ആലുവയിൽ നിന്ന് പേട്ട വരെയാണ് ഇപ്പോൾ മെട്രോ സർവീസ് നടത്തുന്നത്. പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള നിർമാണം പുരോഗമിക്കുന്നുണ്ട്. കലൂർ സ്‌റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെ നീളുന്ന 11.2 കിലോ മീറ്റർ രണ്ടാം ഘട്ട പദ്ധതിക്കായി ബജറ്റിൽ 1957.05 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.