മുല്ലപ്പെരിയാർ ഡാം ജലബോംബ്; എം.എം. മണി പറഞ്ഞത് കേൾക്കാൻ സർക്കാർ തയാറാകണമെന്ന് പി.ജെ ജോസഫ്

തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ബോധത്തോടെ പെരുമാറണമെന്ന് പി.ജെ. ജോസഫ് എംഎൽഎ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം തുടരുന്നത് സങ്കടകരമാണെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മുല്ലപ്പെരിയാർ ജലബോംബാണെന്ന് മുൻ മന്ത്രി എം.എം. മണി പറഞ്ഞത് കേൾക്കാൻ സർക്കാർ തയാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ ഡാം ജലബോംബ് ആണെന്നും അതിന്‍റെ മുകളിൽ സിമന്‍റ് പൂശിയാൽ നിൽക്കുമോ. എന്തേലും സംഭവിച്ചാൽ അവർ വെള്ളം കുടിക്കാതെയും നമ്മൾ വെള്ളം കുടിച്ചും ചാകുമെന്നുമാണ് മണി കഴിഞ്ഞ ദിവസം പറഞ്ഞത്. ശർക്കരയും ചുണ്ണാന്പും ഉപയോഗിച്ച് നിർമിച്ച ഡാമിന്‍റെ അകം കാലിയാണ്. സിമന്‍റും കന്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാൻ തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും മണി ചൂണ്ടിക്കാട്ടി.
ശർക്കരയും സുർക്കിയും ചുണ്ണാന്പും ഉപയോഗിച്ച അതിന്‍റെ അകം കാലിയാണ്. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്‍റെ പുറത്ത് സിമന്‍റും കന്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്‍റെ മുകളിൽ സിമന്‍റ് പൂശിയാൽ നിൽക്കുമോ. വണ്ടിപ്പെരിയാറിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിൽ ബോംബ് പോലെ നിൽക്കുവാ ഈ സാധനം. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്‌നാട്ടുകാർ. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും അവിടത്തെ നേതൃത്വവും അനുകൂല നിലപാടെടുത്താൽ പ്രശ്‌നം വേഗത്തിൽ തീരും. ഇല്ലേ വല്ലോം സംഭവിച്ചാൽ ദുരന്തമായി തീരും. എത്രയും വേഗം പുതിയ ഡാമിന് രണ്ട് സർക്കാരും ചേർന്നാൽ തീരുമാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.