മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഇന്ന് തുടക്കം. തീർത്ഥാടനത്തിനായി ഇന്നലെ വൈകിട്ട് നട തുറന്നു. ഇന്ന് രാവിലെ നാലുമണി മുതൽ പന്പയിൽ നിന്ന് ഭക്തരെ കടത്തിവിട്ടുതുടങ്ങി. കാലാവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മൂന്ന് ദിവസം ചില നിയന്ത്രണങ്ങളുണ്ട്. ബുക്ക് ചെയ്ത തീർത്ഥാടകർക്ക് ഈ ദിവസങ്ങളിൽ എത്താൻ സാധിച്ചില്ലെങ്കിൽ മറ്റൊരു ദിവസം സൗകര്യമേർപ്പെടുത്തും.
അതേസമയം തീർത്ഥാടനത്തിനായി സ്‌പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശക്തമായ ഒഴുക്കായതിനാൽ പന്പാ സ്‌നാനത്തിനും അനുമതിയില്ല. ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ വിലയിരുത്താനായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ സന്നിധാനത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും.
പ്രതിദിനം മുപ്പതിനായിരം പേർക്കാണ് അനുമതി. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് മലകയറ്റം. കാനന പാത അനുവദിക്കില്ല. ദർശനത്തിന് എത്തുന്നവർക്ക് 72 മണിക്കൂറിനുൾളിൽ നടത്തിയ ആർടിപിസിആർ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് കരുതണം.