മുംബൈ സാംസങ് സെന്ററിൽ വൻതീപിടുത്തം

മുംബൈ: മുംബൈ സാംസങ് സെന്ററിൽ വൻ തീപിടുത്തം. സാംസഗിന്റെ കഞ്ജുമാർഗ്ഗിലെ സർവ്വീസ് സെന്ററിലാണ് ഇന്നലെ രാത്രിയോടെ അഗ്നിബാധയുണ്ടായത്. രാത്രി ഏറെ വൈകിയാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. സംഭവത്തിൽ ആളപായമുള്ളതായോ പരിക്കേറ്റതായോ വിവരം ലഭ്യമല്ല.
എട്ട് ഫയർ എഞ്ചിനുകൾ തുടർച്ചയായി മൂന്നുമണിക്കൂറിലേറെ നേരം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. തീ പിടുത്ത കാരണം എന്തെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. മുംബൈ വ്യവസായ മേഖലയിലാണ് സാംസങിന്റെ വിശാലമായ സർവ്വീസ് സെന്ററും ഗോഡൗണും സ്ഥിതിചെയ്യുന്നത്.
കോടിക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങളാണ് അഗ്നിക്കിര യായതെന്നും ജീവനക്കാർ പറയുന്നു. പ്ലാസ്റ്റിക് കത്തിയതിന്റെ കനത്തപുക പ്രദേശത്തെ ജനജീവിതം ദുഃസ്സഹമാക്കിയിരിക്കുകയാണ്.