കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ഒളിവിൽ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മന്ത്രി ആർ. ബിന്ദു


ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മുൻ ഡയറക്ടർ ബോർഡംഗം അന്പിളി മഹേഷിന്‍റെ മകളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മന്ത്രി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത്. അന്പിളി മഹേഷിന്‍റെ മകൾ മായയും ശരത്തും തമ്മിലുള്ള വിവാഹം ഒക്ടോബർ 24നു കുഴിക്കാട്ടുക്കോണത്തു വെച്ചാണ് നടന്നത്. ഈ ചടങ്ങിലാണു മന്ത്രി ഡോ. ആർ. ബിന്ദു പങ്കെടുത്തത്. ചടങ്ങിൽ വധൂവരന്മാരോടൊപ്പം ഫോട്ടോ എടുക്കുകയും അവരോടൊന്നിച്ചു ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. നഗരസഭ വാർഡ് 10ലെ ആശാ വർക്കറുംകൂടിയാണ് അന്പിളി. 

ഒളിവിൽ കഴിയുന്നതിനാൽ മാസങ്ങളായി ആശാ വർക്കറുടെ സേവനം ഈ വാർഡിൽ ലഭ്യമല്ല. വാർഡിലെ കുട്ടികളുടെയും ഗർഭിണികളുടെയും കുത്തിവയ്പ്പുകൾ, പ്രതിരോധ മരുന്നു വിതരണം, കോവിഡുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയെല്ലാം താറുമാറായതായി വാർഡ് നിവാസികൾ ആരോപിച്ചു. സിപിഎം പ്രവർത്തകയായ ആശാ വർക്കറെ, വാർഡ് ഭരണം നടത്തുന്ന സിപിഎമ്മിന്‍റെ കൗൺ‍സിലറും സിപിഎമ്മിന്‍റെ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും സഹായിക്കുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. തട്ടിപ്പു കേസിൽ ബാങ്ക് മുൻ ഡയറക്ടർമാരായ ഒന്പതുപേർ അറസ്റ്റിലായിട്ടുണ്ട്. അന്പിളി മഹേഷ്, മിനി നന്ദനൻ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ള മുൻ ഡയറക്ടർമാർ. മുഖ്യ പ്രതികളിലൊരാളായ ഇടനിലക്കാരൻ കിരണും ഒളിവിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed