എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിലെ പരാമർശം: ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതി


ശാരിക l ദേശീയം

എട്ടാം ക്ലാസ്സിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമർശിച്ചതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുപ്രീം കോടതി വിഷയത്തിൽ സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ നടപടി സ്വീകരിച്ചത്. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ഒരാളെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം പരാമർശങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയത് കേവലം അശ്രദ്ധയല്ലെന്നും ജുഡീഷ്യറിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും നിരീക്ഷിച്ചു.

വ്യക്തമായ വസ്തുതകളോ കണക്കുകളോ ഇല്ലാതെ അഴിമതിയെക്കുറിച്ച് സാമാന്യവൽക്കരിച്ച പ്രസ്താവനകൾ നടത്തുന്നത് ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. പാഠപുസ്തകങ്ങളെ ആധികാരിക സ്രോതസ്സായി കാണുന്ന കുട്ടികളിൽ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് തെറ്റായ ധാരണ വളർത്തുന്നത് നിയമവ്യവസ്ഥയിലുള്ള അവരുടെ വിശ്വാസം തകർക്കാൻ കാരണമാകുമെന്നും കോടതി ഓർമ്മിപ്പിച്ചു.

എട്ടാം ക്ലാസ്സിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലെ 'നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്' എന്ന ഭാഗത്താണ് വിവാദ പരാമർശങ്ങളുള്ളത്. നീതിന്യായ സംവിധാനത്തിലെ അഴിമതി, കെട്ടിക്കിടക്കുന്ന കേസുകൾ, ജഡ്ജിമാരുടെ കുറവ് എന്നിവയെക്കുറിച്ച് ഈ പാഠഭാഗത്ത് പ്രതിപാദിക്കുന്നുണ്ട്. സുപ്രീം കോടതിയിൽ 81,000 കേസുകളും ഹൈക്കോടതികളിൽ 62.40 ലക്ഷം കേസുകളും കീഴ്ക്കോടതികളിൽ 4.7 കോടി കേസുകളും കെട്ടിക്കിടക്കുന്നുണ്ടെന്ന കണക്കുകളും പുസ്തകത്തിലുണ്ട്.

മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, എ.എം. സിങ്‌വി, മുകുൾ റോത്തഗി എന്നിവരാണ് ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. രാഷ്ട്രീയം, ബിസിനസ് മേഖലകളിലെ അഴിമതി പരാമർശിക്കാതെ ജുഡീഷ്യറിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്ന് അഭിഭാഷകർ വാദിച്ചു. ഇത്തരം ഉള്ളടക്കങ്ങൾ എങ്ങനെ പാഠപുസ്തക സമിതിയുടെ അനുമതി നേടിയെന്ന് പരിശോധിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

article-image

gdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed