മഴ ദുരിതത്തിൽ തെക്കൻ കേരളം; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

കുട്ടനാട്: കനത്തമഴയെത്തുടർന്നു അപ്പർ കുട്ടനാട്ടിലും കുട്ടനാട്ടിലും ജലനിരപ്പ് വീണ്ടും ഉയർന്നു തുടങ്ങി. അപ്പർ കുട്ടനാട്ടിലെ മുട്ടാർ, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തുകളിലാണ് ജലനിരപ്പ് ഉയരുന്നത്. കുട്ടനാട്ടിൽ വെളിയനാട്, രാമങ്കരി, പുളിങ്കുന്ന്, കാവാലം, നീലംപേരൂർ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലാണ്. എസി റോഡിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്. കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തി പ്രാപിച്ചതോടെയാണ് കുട്ടനാട്ടിൽ ജലനിരപ്പുയർന്നത്. ഇടത്തോടുകൾ ഉൾപ്പെടെയുള്ളവ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്. മഴ തുടർന്നാൽ കൂടുതൽ ആളുകളെ മാറ്റിപാർപ്പിക്കാൻ ജില്ലാ ഭരണകൂടത്തിന്‍റെ ക്രമീകരണങ്ങൾ തുടങ്ങി. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 14 ആയി ഉയർത്തിയിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട നഗരവും വെള്ളപ്പൊക്ക ഭീഷണയിൽ. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. ശബരിമലയിലേക്കുള്ള പ്രധാന റോഡുകൾ എല്ലാം മുങ്ങി. പുനലൂർ - മൂവാറ്റുപുഴ, പന്തളം - പത്തനംതിട്ട റോഡുകളിൽ ഗതാഗതം തടസം. ത്രിവേണിയിൽ പമ്പ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. ശബരിമലയിൽ അടുത്ത നാല് ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ടാണ് നട തുറക്കുന്നത്.