ബിലാജ് അൽ ജസായർ ബീച്ച് പൊതുജനത്തിനായി തുറന്ന് കൊടുത്തു

മനാമ
ബഹ്റൈനിലെ പ്രമുഖ ബീച്ചുകളിൽ ഒന്നായ ബിലാജ് അൽ ജസായർ ബീച്ച് ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം പൊതുജനത്തിനായി തുറന്ന് കൊടുത്തു. കോവിഡ് മാഹാമാരിയുടെ വ്യാപനത്തോടെയായിരുന്നു ബീച്ച് അടച്ചിരുന്നത്. ബഹ്റൈൻ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ അഞ്ച് മില്യൺ ദിനാറോളം ചിലവിട്ട് പുതിയ സൗകര്യങ്ങളോടെയാണ് ബീച്ച് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. രാജ്യത്തെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് ഈ ബീച്ച് മുതൽകൂട്ടാകുമെന്ന് ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ ഉപപ്രധാനമന്ത്രിയും ബഹ്റൈൻ മുംതലകാത്ത് ഹോൾഡിങ്ങ് കമ്പനി ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ പറഞ്ഞു. സതേൺ ഗവർണർ ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഖലീഫയടക്കമുള്ള പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഒരു കിലോമീറ്ററിലധികം നീളം വരുന്ന വാക്ക് വേയും ബീച്ചിനോട് ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. രാവിലെ എട്ട് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് ബീച്ച് തുറന്ന് പ്രവർത്തിക്കുക.