മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് സംയുക്ത തീരുമാനം; തെളിവ് പുറത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് അറിഞ്ഞില്ലെന്ന സർക്കാർ വാദം പൊളിഞ്ഞു. ആറുമാസം മുന്‍പ് ഇരുസംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥർ ബേബി ഡാമിൽ സംയുക്ത പരിശോധന നടത്തിയതിന്‍റെ തെളിവ് പുറത്തുവന്നതോടെയാണിത്. പരിശോധന നടന്നിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞ വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഇത് തിരുത്തി. തമിഴ്നാടുമായി സംയുക്തപരിശോധന നടത്തിയെന്ന് നിയമസഭയിൽ സർക്കാർ സമ്മതിക്കുകയും ചെയ്തു.
മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധ്യക്ഷൻ സംസ്ഥാന ജലവിഭവ സെക്രട്ടറിക്കയച്ച കത്തിലാണ് ബേബി ഡാമിനടുത്തുള്ള മരങ്ങൾ മുറിക്കാൻ നീക്കം തുടങ്ങിയിട്ട് ആറുമാസമായി എന്ന് വ്യക്തമാക്കുന്നത്. ജൂൺ 11ന് കേരള, തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി ഏതൊക്കെ മരങ്ങൾ മുറിക്കണമെന്ന് തീരുമാനിച്ചു. പെരിയാർ ടൈഗർ റിസർവിലെ ഉദ്യോഗസ്ഥരാണ് കേരളത്തെ പ്രതിനിധീകരിച്ചത്. വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന നിലപാടും ശശീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.