ഇന്ധനവില വർദ്ധന: മോദി കക്കാൻ ഇറങ്ങുന്പോൾ ഫ്യൂസ് ഊരി കൊടുക്കുന്ന നിലയിലാണ് കേരള സർക്കാർ പ്രവർത്തിക്കുന്നതെന്ന് ആക്ഷേപം

തിരുവനന്തപുരം: ഇന്ധനവില വർധനയിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ഇന്ധന അധിക നികുതി കുറയ്ക്കാൻ പിണറായി സർക്കാർ എന്തുകൊണ്ടാണ് തയാറാകാത്തതെന്ന് നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറന്പിൽ ചോദിച്ചു.
നരേന്ദ്ര മോദി കക്കാൻ ഇറങ്ങുന്പോൾ ഫ്യൂസ് ഊരി കൊടുക്കുന്ന നിലയിലാണ് സംസ്ഥാനം പ്രവർത്തിക്കുന്നത്. ഇന്ധനവില വർധനവിന്റെ ജനരോഷത്തിൽനിന്ന് സംഘപരിവാറിനെ രക്ഷിക്കാനാണ് പിണറായി സർക്കാരിന്റെ ശ്രമമെന്നും ഷാഫി ആരോപിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 36 ശതമാനം മാത്രമാണ് അടിസ്ഥാന എണ്ണയുടെ വില. ബാക്കി മുഴുവൻ നികുതി ഇനത്തിൽ പിഴിഞ്ഞ് ജനങ്ങളെ കൊള്ളയടിക്കുകയാണ് പിണറായി−മോദി സർക്കാരുകൾ. ഇതിനു കോണ്‍ഗ്രസിനെ പഴി ചാരേണ്ടെന്നും ഷാഫി പറഞ്ഞു. അതേസമയം, ഈ സർക്കാർ ഇതുവരെ ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ മറുപടി നൽകിയത്. മറ്റു പലസംസ്ഥാനങ്ങളിലും കേരളത്തേക്കാൾ നികുതി കൂടുതലാണ്. അധിക നികുതിയിൽനിന്ന് കേന്ദ്രത്തിന് മൂന്നു ലക്ഷം കോടി വരുമാനം ലഭിക്കുന്നുണ്ട്. ഇതൊന്നും സംസ്ഥാനങ്ങൾക്ക് പങ്കുവയ്ക്കുന്നില്ലെന്നും ബാലഗോപാൽ പറഞ്ഞു. വിലനിർണയ അധികാരം എണ്ണകന്പനികൾക്ക് വിട്ടുനൽകിയത് കോൺഗ്രസാണെന്നും ബാലഗോപാൽ വിമർശിച്ചു. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.