പരന്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തുമെന്നു മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പരന്പരാഗത മത്സ്യത്തൊഴിലാളികൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തുമെന്നു മന്ത്രി സജി ചെറിയാൻ. ഗുണഭോക്തൃ വിഹിതം ഒഴിവാക്കി 100 ശതമാനം ചെലവും സർക്കാർ വഹിക്കും. നിലവിൽ ഇൻഷുറൻസുണ്ടെങ്കിലും പ്രീമിയത്തിന്‍റെ 90 ശതമാനം സർക്കാർ വിഹിതവും 10 ശതമാനം ഗുണഭോക്തൃവിഹിതവുമാണ്. ഇതു മൂലം മത്സ്യത്തൊഴിലാളികൾ പലരും ഇൻഷ്വറൻസ് എടുക്കാൻ താൽപര്യം കാട്ടുന്നില്ല. ഈ സാഹചര്യം പരിഗണിച്ചാണു പ്രീമിയം ചെലവു മുഴുവൻ സർക്കാർ ഏറ്റെടുക്കുന്നത്.
അപകടസാധ്യത കുറയ്ക്കുന്നതിനു മറൈൻ ഫൈബർ യാനങ്ങൾക്കു പകരം പരന്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എഫ്ആർബി യാനങ്ങൾ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. എല്ലാ മത്സ്യത്തൊഴിലാളികൾക്കും രജിസ്ട്രേഷൻ നൽകുന്നതിന്‍റെ ഭാഗമായി സർവേ നടത്തും. ആറ് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.