സൗരക്കാറ്റ് ഭൂമിയിലേക്കു വരുന്നതായി മുന്നറിയിപ്പ്

ന്യൂയോർക്ക്: ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്കു വരുന്നുവെന്ന മുന്നറിയിപ്പിനെത്തുടർന്ന് ശാസ്ത്ര ലോകം ആകാംക്ഷയിൽ. അമേരിക്കൻ ഏജൻസിയായ ഒാഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍റെ കീഴിലുള്ള കാലാവസ്ഥാ പ്രവചന കേന്ദ്രമാണ് പ്രവചനം നടത്തിയിരിക്കുന്നത്. സെക്കൻഡിൽ 700 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന സൗരക്കാറ്റ് ഇന്നു ഭൂമിയിലെത്തുമെന്നാണ് പ്രവചനം. നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി പകർത്തിയ ചിത്രം സൂര്യന്‍റെ പുറം ഭാഗത്തെ പ്ലാസ്മയിൽ വളരെ ഉയർന്ന ഊർജം ഉദ്പാദിപ്പിക്കപ്പെട്ടതായും അത് സൗരക്കാറ്റായി മാറി സൂര്യന്‍റെ ഗുരുത്വാകർഷണ ശക്തിയെ മറികടന്ന് ഭൂമിയിലെത്തുമെന്നുമാണ് പ്രവചിച്ചിരിക്കുന്നത്. ചിത്രം നൽകുന്ന സൂചനയനുസരിച്ച് സൂര്യന്‍റെ പുറത്തെ പ്ലാസ്മയിൽ വലിയ ഒരു ഊർജ വിസ്ഫോടനം നടന്നിട്ടുണ്ട്. സൂര്യന്‍റെ ഗുരുത്വാകർഷണത്തിനു പിടിച്ചുനിർത്താനാവാത്തവിധം ചൂട് വർധിക്കുന്നതോടെയാണ് സൗരക്കാറ്റിന്‍റെ ഉത്ഭവം.
ഭൂമിയുടെ കാന്തികമണ്ഡലത്തിനുള്ള ഭീഷണിക്ക് പുറമേ റേഡിയോ തരംഗങ്ങളെ ബാധിക്കാനും സാറ്റലൈറ്റുകളെ തകരാറിലാക്കാനും വൈദ്യുതി വിതരണ സംവിധാനങ്ങൾ തകർക്കാനുമൊക്കെ ഈ സൗരക്കാറ്റിന് സാധിക്കും. സൗരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് അടുക്കുന്പോൾ ഭൂമിയുടെ ബാഹ്യ അന്തരീക്ഷം ചൂടാകും. കൂടാതെ റേഡിയോ സിഗ്‌നലുകൾ, ആശയവിനിമയം, കാലാവസ്ഥ എന്നിവയിലും സൗരക്കാറ്റ് നേരിട്ട് സ്വാധീനം ചെലുത്തുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത് ഭൂമിയുടെ ബാഹ്യ അന്തരീക്ഷത്തെ ചൂടാക്കുകയും ഉപഗ്രഹങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്തുകയും ചെയ്യും. ജിപിഎസ് നാവിഗേഷൻ, മൊബൈൽ ഫോൺ സിഗ്‌നലുകൾ, സാറ്റലൈറ്റ് ടിവി എന്നിവയെ തടസപ്പെടുത്താനും സൗരക്കാറ്റിനു കഴിഞ്ഞേക്കുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. എന്നിരുന്നാലും, മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ വളരെ അപൂർവമായി മാത്രമേ സംഭവിക്കുകയുള്ളുവെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.കാരണം ഭൂമിയുടെ കാന്തികക്ഷേത്രം അതിനെതിരേ ഒരു സംരക്ഷണ കവചമായി പ്രവർത്തിക്കുന്നതാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. പതിനൊന്ന് വർഷങ്ങളുടെ ഇടവേളകളിലാണ് സാധാരണ സൗരക്കാറ്റ് ഉണ്ടാകാറുള്ളത്. ഇത്തരത്തിൽ ഭൂമിയിലെത്തുന്ന സൗരക്കാറ്റുകളിൽ മിക്കവയും വിനാശകാരികളല്ല. 32 വർഷം മുന്പുണ്ടായ സൗരക്കാറ്റ് വിനാശകാരിയായിരുന്നു. 1989 മാർച്ചിലെ സൗരക്കാറ്റിനെത്തുടർന്ന് കാനഡയിലെ ക്യുബെക് പ്രവിശ്യയിൽ വൈദ്യുതി മുടങ്ങിയിരുന്നു. ഏകദേശം ഒൻപതു മണിക്കൂറാണ് അന്ന് വൈദ്യുതി തടസപ്പെട്ടത്. അത് 60 ലക്ഷത്തോളം ജനങ്ങലെ ബാധിച്ചതായാണ് വിലയിരുത്തപ്പെട്ടത്. കൂടാതെ 1859ലും 1921 ലും സൗരക്കാറ്റുകൾ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. കാരിംഗ്ടൺ സംഭവം എന്നാണ് 1859ലെ സൗരക്കാറ്റ് അറിയപ്പെടുന്നത്. അന്നു വാർത്താ വിനിമയ ബന്ധങ്ങളെല്ലാം തകരാറിലായിരുന്നു. ഇതുമൂലം യൂറോപ്പിലെയും അമേരിക്കയിലെയും ടെലിഗ്രാഫ് ശൃംഖല വലിയതോതിൽ തകർച്ച നേരിട്ടിരുന്നു.