പൊലീസിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി


പൊതുജനങ്ങള്‍ക്കെതിരായ അസഭ്യവര്‍ഷത്തില്‍ വീണ്ടും പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മര്യാദയോടെ സംസാരിക്കാന്‍ അറിയില്ലേയെന്ന് പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. വാഹനപരിശോധയ്ക്കിടെ കൊല്ലത്ത് ഡോക്ടറെ അപമാനിച്ച കേസില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. വിഷയത്തില്‍ നടപടി സ്വീകരിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. പൊലീസുകാര്‍ക്ക് മാത്രം നാട്ടില്‍ ജീവിച്ചാല്‍ മതിയോ എന്ന ചോദ്യവും ഡോക്ടര്‍ എന്ന പദവിയിലിരിക്കുന്ന ഒരാളെ അപമാനിച്ച സംഭവം അന്വേഷിക്കപ്പെടേണ്ടതില്ലേ എന്നും കോടതി ചോദിച്ചു. വിഷയുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ അസഭ്യപ്രയോഗം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട് കൊല്ലം എസിപി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പൊലീസിന്റെ വാദങ്ങള്‍ക്കൊപ്പം ഈ റിപ്പോര്‍ട്ടും കോടതി തള്ളി. കേസില്‍ കൃത്യമായ നടപടിയെടുത്ത ശേഷം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.
നേരത്തെയും സമാനമായ രീതിയില്‍, ജനങ്ങളോടുള്ള എടാ, പോടാ വിളികള്‍ ഒഴിവാക്കണമെന്നും പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതിയുടെ നിര്‍ദേശിച്ചു. പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് നടപടി. കേരളത്തില്‍ അടുത്തിടെ പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. പൊലീസിനെതിരെ വ്യാപക പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായി ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed