തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആർക്കെങ്കിലും താൽപ്പര്യമുണ്ടോയെന്ന് ഇ ബുൾ ജെറ്റ് സഹോദരന്മാർ


കൊച്ചി: തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും ഇ ബുൾ ജെറ്റ് സഹോദരന്മാർ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് യുട്യൂബർമാർ ആഗ്രഹം പ്രകടിപ്പിച്ചത്. ഇ ബുൾ ജെറ്റ് സഹോദരന്മാരിൽ ഒരാളായ ലിബിൻ ആണ് പോസ്റ്റ് പങ്കുവച്ചത്. തങ്ങളുടെ ജീവിതം സിനിമയാക്കാൻ ഒരു ആഗ്രഹമുണ്ടെന്നും. താൽപര്യമുള്ളവർ ഇ മെയിൽ ഐഡിയിൽ ബന്ധപ്പെടുകയെന്നുമാണ് − ഇൻസ്റ്റാഗ്രം കുറിപ്പിലൂടെ അഭ്യർത്ഥിച്ചത്. പോസ്റ്റ് എത്തിയതോടെ പതിവു പോലെ സോഷ്യൽ മീഡിയ ട്രോളുകളിലും ഇത് നിറയാൻ തുടങ്ങി. 

ടെന്പോ ട്രാവലറിൽ നിയമവിരുദ്ധ രൂപമാറ്റം വരുത്തിയതിന്‍റെ പേരിൽ ഇ ബുൾ ജെറ്റ് സഹോദരന്മാരും മോട്ടോർ‍ വാഹന വകുപ്പും തമ്മിലുള്ള പോരാട്ടം വലിയ വാർത്തകൾ സൃഷ്ടിച്ചിരുന്നു. ലിബിന്‍റെയും എബിന്‍റെയും നെപ്പോളിയൻ എന്ന വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു. വാഹനത്തിന്‍റെ രജിസ്‌ട്രേഷൻ ആറു മാസത്തേക്ക് റദ്ദാക്കുകയും ചെയ്തിരുന്നു. വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്‍റെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നൽകണമെന്നു മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവർ ഇതിന് തയാറായിരുന്നില്ല. ഇതേത്തുടർന്നു ഓഗസ്റ്റ് ഒന്പതിനാണ് യുട്യൂബർമാരായ സഹോദരന്മാർ കണ്ണൂർ ആർടി ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഓഫീസിൽ എത്തി പ്രശ്നമുണ്ടാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആൾക്കൂട്ടം സൃഷ്ടിക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തത് ഉൾപ്പെടെ ഒന്പത് വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തിരുന്നു. ഇവരുടെ അറസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെയും കണ്ണൂർ സൈബർ പോലീസ് കേസെടുത്തിരുന്നു.

You might also like

Most Viewed