ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച തീരുമാനം അനുസരിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി


ന്യൂഡൽഹി: ഡിസിസി അദ്ധ്യക്ഷ പട്ടിക സംബന്ധിച്ച തീരുമാനം അനുസരിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ. സുധാകരൻ, വി.ഡി സതീശൻ എന്നിവരുമായി രാഹുൽ ഗാന്ധി സംസാരിച്ചു. സംഘടനാ കാര്യങ്ങളിൽ പരിഗണിക്കുക കെ. സുധാകരൻ്റെയും വി.ഡി സതീശൻ്റെയും നിലപാടാണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ രാത്രി രാഹുൽ ഗാന്ധി തന്നെ നേതാക്കളെ നേരിട്ട് വിളിച്ച് ഹൈക്കമാൻഡ് നിർദേശം അറിയിച്ചത്. ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കും മുതിർന്ന നേതാക്കൾ എന്ന പരിഗണനയുണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, കെപിസിസിയിൽ പരമാവധി 50 പേർ മതിയെന്ന നിലപാട് കർശനമാക്കിയിരിക്കുകയാണ് ഹൈക്കമാൻഡ്. നാല്‌ ഉപാദ്ധ്യക്ഷർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 എക്സിക്ക്യൂട്ടീവ്‌ അംഗങ്ങൾ എന്നീ പദവികളാകും കെപിസിസിയിൽ ഉണ്ടാകുക. 10 വൈസ്‌ പ്രസിഡന്റ്‌, 34 ജനറൽ സെക്രട്ടറി, 96 സെക്രട്ടറി, ട്രഷറർ എന്നിവയടങ്ങുന്ന ജന്പോ പട്ടികയായിരുന്നു മുൻകാലങ്ങളിൽ കെപിസിസിക്ക് ഉണ്ടായിരുന്നത്. ഈ രീതിക്കാണ് മാറ്റം വന്നിരിക്കുന്നത്. കെപിസിസിയിൽ പരമാവധി 50 പേർ മതിയെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്. സപ്തംബർ മൂന്നാം വാരത്തിന് മുൻപ് ഭാരവാഹികളെ പ്രഖ്യാപിക്കണമെന്ന് ഹൈക്കമാൻഡ് അറിയിച്ചു. ഭാരവാഹി നിർണയത്തിന് ഗ്രൂപ്പ് ഒരു വിധത്തിലും മാനദണ്ധമാകരുതെന്ന് ഹൈക്കമാൻഡ് പ്രത്യേകം ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed