മകൾ സ്ത്രീധനത്തിന്റെ പേരിൽ പീഡനം നേരിട്ടിരുന്നതായി ആത്മഹത്യ ചെയ്ത സുചിത്രയുടെ പിതാവ്
ആലപ്പുഴ: വള്ളിക്കുന്നത്ത് 19കാരി സുചിത്ര ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ മാതാപിതാക്കൾ. സ്ത്രീധനത്തിന്റെ പേരിൽ മകളെ ശാരീരികമായും മാനസികമായും ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു.
ജൂൺ 22 നാണ് സുചിത്രയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തരാഖണ്ഡിൽ സൈനികനായ വിഷ്ണുവാണ് സുചിത്രയുടെ ഭർത്താവ്. മാർച്ച് 21 നായിരുന്നു ഇവരുടെ വിവാഹം
ഓച്ചിറ വലിയകുളം സ്വദേശിയാണ് സുചിത്ര. സുചിത്രയെ ഭർത്താവിന്റെ അമ്മ ദേഹോപദ്രവം ചെയ്തിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. മകളെ കെട്ടിത്തൂക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.
സ്വർണ്ണത്തിന്റെ പേരിൽ വിഷ്ണുവിന്റെ അമ്മ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്ന് സുചിത്രയുടെ അമ്മയും പറഞ്ഞു. സ്വർണവും കാറും നൽകിയതിന് പുറമെ പത്ത് ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നെന്ന് പിതാവ് പറഞ്ഞു.

