കേരളത്തിലെ പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: കേരളത്തിലെ പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. പരീക്ഷ നടത്തുന്നതിൽ എതിർപ്പ് ഉണ്ടെങ്കിൽ വിദ്യാർഥികൾക്ക് കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ പ്ലസ് വൺ പരീക്ഷ നടത്തുന്നതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. പ്ലസ് വൺ പരീക്ഷ റദ്ദാക്കുന്നത് വിദ്യാർത്‍ഥികളുടെ പ്ലസ്ടു പരീക്ഷാ ഫലത്തെ ബാധിക്കുമെന്ന് സംസ്ഥാന സർക്കാരിന്‍റെ സ്റ്റാൻഡിംഗ് കോൺസൽ ജി. പ്രകാശ് കോടതിയെ അറിയിച്ചു. എന്നാൽ പ്ലസ്ടു ക്ലാസിലെ പഠനം ആരംഭിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പരീക്ഷ എഴുതുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് പദ്മനാഭൻ ചൂണ്ടിക്കാട്ടി.
രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. ഈ ഘട്ടത്തിൽ കുട്ടികളെ അപകടത്തിൽ ആക്കാനാകില്ല. എന്നാൽ പരീക്ഷ റദ്ദാക്കാൻ ഉത്തരവിടില്ലെന്നും കോടതി വ്യക്തമാക്കി. പരീക്ഷയ്ക്ക് തയാറെടുക്കാന്‍ വിദ്യാർത്ഥികൾക്ക് സമയം നൽകണമെന്ന് കോടതി നിർദേശിച്ചു. ചുരുങ്ങിയത് രണ്ടാഴ്ച മുന്പെങ്കിലും പരീക്ഷ തീയതി പ്രഖ്യാപിക്കണമെന്നും കോടതി പറഞ്ഞു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളവും ആന്ധ്രപ്രദേശും നൽകിയ സത്യവാങ്മൂലങ്ങൾ അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതി നിലപാട്. അഞ്ച് ലക്ഷത്തോളം കുട്ടികൾ ആന്ധ്രപ്രദേശിൽ പരീക്ഷ എഴുതുന്നുണ്ടെന്നും 38,000 ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുണ്ടെന്നും ആന്ധ്രയുടെ അഭിഭാഷകന്‍ വാദിച്ചു. കോവിഡ് ആശങ്ക നിലനിൽക്കെ എന്തിനാണ് പരീക്ഷ നടത്തണമെന്ന വാശിയെന്നും മറ്റെന്തെങ്കിലും ക്രമീകരണം ബന്ധപ്പെട്ട ബോർഡുകളുമായി ആലോചിച്ച് ഉണ്ടാക്കിക്കൂടെ എന്നും സുപ്രീംകോടതി ചോദിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ആന്ധ്ര പ്രദേശിനോട് സുപ്രീം കോടതി കൂടുതൽ വിവരങ്ങൾ ഹാജരാക്കാൻ നിർദേശിച്ചു.
ആന്ധ്രപ്രദേശിനോട് പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സെപ്റ്റംബർ ആറ് മുതൽ 16 വരെയാണ് പരീക്ഷ നടത്താന്‍ കേരളം തീരുമാനിച്ചിരുന്നത്. ഇതിന് തയാറാക്കിയ ഷെഡ്യൂളുകളൊന്നും അംഗീകരിക്കത്തക്കതല്ലെന്നും വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

