കൊടകര കള്ളപ്പണ ഇടപാട്; കേസ് ഏറ്റെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: കൊടകര കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സംഭവത്തിൽ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായുള്ള ഇസിഐആർ ആണ് രജിസ്റ്റർ ചെയ്തത്. കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇ.ഡി അന്വേഷണം. കേസിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.
അതേസമയം, കൊടകര കള്ളപ്പണ കവർച്ച കേസിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. വടക്കാഞ്ചേരി മണ്ധലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ഉല്ലാസ് ബാബു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധർമരാജന്‍ പത്ത് കോടി രൂപ തൃശൂരിൽ എത്തിക്കുകയും അതിൽ ആറ് കോടിയിലധികം തുക ബിജെപിയുടെ ജില്ലാ നേതാക്കൾക്ക് കൈമാറിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.