കാസർഗോഡ് കടൽ ക്ഷോഭം; വീടുകൾ തകർന്നു

ഉപ്പള: മുസോടി മലബാർ നഗറിൽ കടൽക്ഷോഭത്തെ തുടർന്ന് 2 വീടുകൾ കടലെടുത്തു. ഒരു വീട് അപകട ഭീതിയിൽ. മറിയമ്മ ഇബ്രാഹിം,തസ്ലീമ മുസ എന്നിവരുടെ വീടുകളാണ് തകർന്നത്. ആസിയമ്മ സുലൈമാന്റെ വീട് ഏതുനിമിഷവും കടലെടുക്കുമെന്ന നിലയിലാണ്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് കടൽ ക്ഷോഭം രുക്ഷമായത്. മുന്ന് വീട്ടുകാരും അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറി. കഴിഞ്ഞ വർഷം ഈ പ്രദേശത്തെ 7 വീടുകൾ കടൽ എടുത്തിരുന്നു. ഹാർബർ നിർമാണത്തിന് ശേഷമാണ് കടലാക്രമണത്തിൽ 200 മിറ്ററിലധികം കടൽ കര എടുത്ത് വീടുകൾക്ക് നാശം വിതയ്ക്കാൻ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. വീട് നഷ്ടപ്പെട്ടവർ വാടക വിടുകളിലാണ് താമസിച്ച് വരുന്നത്.
കടലിനും കായലിനും മധ്യേയുള്ള വലിയപറന്പ് പഞ്ചായത്തിന്റെ തെക്കൻ മേഖലയിൽ ഇന്നലെ ഉച്ചയോടെ കടൽ സമ്മർദമുണ്ടായി. കന്നുവീട് കടപ്പുറം, തൃക്കരിപ്പൂർ കടപ്പുറം തുടങ്ങിയ ഭാഗങ്ങളിൽ കര കവർന്നെടുക്കുന്നുണ്ട്. കാറ്റ് ശക്തി പ്രാപിച്ചതോടെയാണ് കടലിന്റെ സമ്മർദത്തിൽ കരയിടിച്ചിൽ തുടങ്ങിയത്. വൈകിട്ടോടെ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കരയിടിച്ചിലിന് ശമനമുണ്ടായില്ല. വലിയപറന്പിൽ കടലും കായലും തമ്മിൽ കര വളരെ കുറഞ്ഞ പ്രദേശങ്ങളാണ് തെക്കൻ മേഖലയിൽ. 100 മുതൽ 50 മീറ്റർ വരെ മാത്രമാണ് ഇവിടങ്ങളിൽ കരയുള്ളത്.
തൈക്കടപ്പുറത്തെ 2 വീടുകൾക്ക് മിന്നലേറ്റു. കോടോം ബേളൂർ പഞ്ചായത്തിലും നിരവധി പേർക്ക് മിന്നലിൽ ഷോക്കേറ്റു. കൃഷിനാശവും ഉണ്ടായി.
പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം താലൂക്ക് തലത്തിൽ പ്രവർത്തനമാരംഭിച്ചു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് സംസ്ഥാനത്ത് ഉണ്ടാകാനിടയുള്ള കനത്ത മഴയിലും ചുഴലിക്കാറ്റിലും കാസർകോട് ഇലക്ട്രിക്കൽ സർക്കിൾ പരിധിയിൽ ഉണ്ടാകാനിടയുള്ള വൈദ്യുത തകരാറുകൾ പരിഹരിക്കുന്നതിന് കൺട്രോൾ റൂം തുറന്നു. വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 9496010101 എന്ന എമർജൻസി നന്പറിലേക്കോ 1912 എന്ന ടോൾ ഫ്രീ നന്പറിലേക്കോ കാസർകോട് സർക്കിൾ ഓഫീസിലെ കൺട്രോൾ റൂം നന്പറായ 9496011431 എന്ന നന്പറിലേക്കോ വിളിക്കാവുന്നതാണ്. വൈദ്യുതി തകരാറുകൾ സംബന്ധിച്ച പരാതികൾ അതത് സെക്ഷൻ ഓഫീസിലേക്ക് ഫോൺ മുഖേന അറിയിക്കണം.