ആടുജീവിതം കോപ്പിയടിയെന്ന് വീണ്ടും ആരോപണം; ചർച്ചയാക്കി സോഷ്യൽ മീഡിയ

തിരുവനന്തപുരം: എഴുത്തുകാരൻ ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ കോപ്പിയടിയാണെന്ന ആരോപണം. മുഹമ്മദ് അസദിന്റെ 'ദി റോഡ് ടു മെക്ക' എന്ന നോവലിൽ നിന്നും പകർത്തിയെടുത്തതാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഇതിനു മുൻപും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുകയാണ്.
അരുൺലാൽ എം.വി നിവേദ്യം എന്നയാളാണ് കോപ്പിയടി ആരോപണം ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അരുൺലാലിൻറെ പോസ്റ്റ് .
ആടുജീവിതം
പിടിക്കപ്പെടാത്ത മറ്റൊരു ദീപയടി.
സഞ്ചാരിയും ഗ്രന്ഥകാരനും പാകിസ്താന്റെ മുൻ യുഎൻ അംബാസഡറുമായ മുഹമ്മദ് അസദിന്റെ The Road to Mecca (മക്കയിലേക്കുള്ള പാത) എന്ന പ്രശസ്ത ഗ്രന്ഥത്തിൽ നിന്നാണ് അദ്ദേഹം ഈ കോപ്പിയടി നടത്തിയതെന്ന് ഇവ രണ്ടും തുലനം ചെയ്യുമ്പോൾ വായനക്കാർക്ക് ബോധ്യപ്പെടും. ആടുജീവിതത്തിനു വായനക്കാർ ഏറിയതു അതിന്റെ സാഹിത്യമൂല്യം കൊണ്ടല്ല. മറിച്ച്, നമ്മുടെയൊന്നും ചിന്തയിൽ പോലും വരാത്ത യാതനകൾ ആ പുസ്തകത്തിൽ വിവരിക്കുന്നത് കൊണ്ടാണ്. അതാകട്ടെ ഒരാളുടെ പച്ചയായ ജീവിതാനുഭവമാണെന്ന പ്രചാരണത്തോടെയും. ഒരിക്കൽ പോലും മരുഭൂമി കാണാത്ത തനിക്ക് ഇത്രയും ഹൃദയസ്പർശിയായി മരുഭൂമിയെ വർണ്ണിക്കാൻ കഴിഞ്ഞത് തന്നിലൊരു പരകായപ്രവേശം നടന്നത് കൊണ്ടാണെന്ന് ബെന്യാമിൻ തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ശരിയാണ് , പരകായ പ്രവേശം നടന്നിട്ടുണ്ട്. അത് Road to Mecca യിൽ നിന്നും ആടുജീവിതത്തിലേക്കാണെന്ന് മാത്രം.
ഒരേ രീതിയിൽ ചിന്തിക്കുന്നവർ ഒരുപാടുണ്ടാകാം. Road to Mecca യിലെ യാത്രാ വിശദീകരണം ബെന്യാമിൻ കോപ്പി ചെയ്തിട്ടുണ്ടെങ്കിൽ പോലും അതിനെ തെറ്റുപറയാൻ പറ്റില്ലായിരുന്നു. ഒരു എഴുത്തിന്റെ സാഹിത്യം അതേ രീതിയിൽ മൊഴിമാറ്റി എഴുതുന്നത് വിവർത്തനകൃതിയിൽ പെടും. എന്നാൽ അതിനുള്ള അവാർഡല്ല അദ്ദേഹം സ്വന്തമാക്കിയത്. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ പുസ്തകത്തിനെതിരെ ഇങ്ങനൊരു ആരോപണം ഷംസ് ബാലുശ്ശേരി മാസങ്ങൾക്കു മുൻപേ പുറത്തു കൊണ്ടുവന്നിട്ടും ഒരു മുഖ്യധാരാ മാധ്യമങ്ങളും ഇത് വാർത്തയാക്കിയില്ല.
ഞങ്ങൾ വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് നിങ്ങളാണ് ബെന്യാമിൻ . ആരെ പൊട്ടന്മാരാക്കാനാണ് നിങ്ങൾ മൗനം പാലിച്ചിരിക്കുന്നത് .കുറഞ്ഞ പക്ഷം സാഹിത്യ അക്കാദമി അവാർഡ് തിരിച്ചു കൊടുക്കാനുള്ള മര്യാദയെങ്കിലും താങ്കൾ കാണിക്കണം . കഴിവുള്ളവർക്കുള്ളതാണ് അക്കാദമി അവാർഡ്. താങ്കളെ പോലുള്ള കോപ്പിയടിക്കാർക്കുള്ളതല്ല.