തൃശൂർ പൂരം: ഹെലികാം, എയർഡ്രോൺ, ജിമ്മി ജിബ് ക്യാമറ, ലേസർ ഗൺ എന്നിവയ്ക്ക് നിരോധനം



തൃശൂർ പൂരത്തിനോടനുബന്ധിച്ച് ക്രമസമാധാന പരിപാലം ഉറപ്പാക്കാൻ പ്രത്യേക ഉത്തരവിറക്കി. പൂരത്തിന്റെ ഭാരവാഹികൾ, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാർ, പാപ്പാന്മാർ, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എൻ.കെ. കൃപയാണ് ക്രിമിനൽ നടപടി നിയമം 144 ആം വകുപ്പ് പ്രകാരമുള്ള പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
പൂരം നടക്കുന്ന തീയതികളിൽ ഹെലികോപ്റ്റർ, ഹെലികാം എയർഡ്രോൺ, ജിമ്മി ജിബ് ക്യാമറ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം വടക്കുന്നാഥൻ ക്ഷേത്ര മൈതാനത്തിനു മുകളിലും സ്വരാജ് റൗണ്ടിലും പൂർണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ കാഴ്ചകൾ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകൾ, ആനകൾക്കും പൊതുജനങ്ങൾക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വിസിലുകൾ, വാദ്യങ്ങൾ മറ്റുപകരണങ്ങൾ ലേസർ ലൈറ്റുകൾ എന്നിവയുടെ ഉപയോഗവും പൂർണമായും നിരോധിച്ചിട്ടുണ്ട്.
ഏപ്രിൽ 23, 24 തീയതികളിൽ ഘടക പൂരങ്ങൾക്കെത്തുന്നവർ നിശ്ചിത സമയത്തുതന്നെ ആരംഭിച്ച് നിശ്ചിത സമയത്തുതന്നെ അവസാനിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ആനകളെ എഴുന്നള്ളിക്കുന്നതുമായും, വെടിക്കെട്ട് നടത്തുന്നതുമായും ബന്ധപ്പെട്ട സുപ്രിംകോടതി, ഹൈക്കോടതി, സർക്കാർ ഉത്തരവുകൾ പാലിക്കേണ്ടതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed