സംസ്ഥാനത്ത് കനത്ത പോളിങ്; വോട്ടെടുപ്പ് പൊതുവിൽ സമാധാനപരം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിൽ കനത്ത പോളിംഗ്. ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് പോളിംഗ് ശതമാനം അന്പത് കടന്നു. എല്ലാ ജില്ലകളിലും ഗ്രാമ-നഗര വ്യത്യാസമില്ലാതെ വോട്ടർമാരുടെ നീണ്ട ക്യൂവാണ് പോളിംഗ് ബൂത്തുകളിൽ ദൃശ്യമായത്. ഉച്ചയ്‌ക്ക് ഒന്നോടെ തന്നെ പോളിംഗ് ശതമാനം അന്പത് കടന്നു. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം (53.55), തൃശൂർ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു (52.01). ഇടുക്കിയിലാണ് ഏറ്റവും കുറവ് (42.45). ചിലയിടങ്ങളിൽ ഒറ്റപ്പെട്ട സംഘർഷങ്ങൾ ഉണ്ടായതൊഴിച്ചാൽ വോട്ടെടുപ്പ് പൊതുവിൽ സമാധാനപരമാണ്. രാവിലെ ചില കേന്ദ്രങ്ങളിൽ യന്ത്രത്തകരാർ മൂലം വോട്ടെടുപ്പ് വൈകുകയും ചെയ്തിരുന്നു. വൈകുന്നേരം ഏഴുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

