കോന്നിയിൽ വിരണ്ടോടിയ പോത്ത് നാട്ടുകാരെ കുത്തിവീഴ്ത്തി
പത്തനംതിട്ട: കോന്നിയിൽ അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്ത് വിരണ്ടോടി. കോന്നിയിലെ അറവുശാലയിൽ കെട്ടിയിട്ടിരുന്ന പോത്ത് കയറുപൊട്ടിച്ച് വിരണ്ടോടുകയായിരുന്നു. പോത്തിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരാൾക്ക് പരുക്കേറ്റു. നാട്ടുകാർക്കു നേരെ നിലയുറപ്പിച്ച പോത്ത് നേരിട്ടുവന്ന് ഒരാളെ കുത്തിവീഴ്ത്തുകയായിരുന്നു. അരുൺ എന്നയാൾക്കാണ് പരുക്കേറ്റത്. ഇയാളെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. കോന്നിയിലെ അറവുശാലയ്ക്ക് സമീപം കെട്ടിയിട്ടിരുന്ന പോത്ത് കയറുപൊട്ടിച്ച് വിരണ്ടോടുകയായിരുന്നു. കോന്നി ടൗണിലെത്തിയ പോത്ത് വെട്ടൂരിലെ ഒരു പാടത്താണ് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. പൊലീസും നാട്ടുകാരും ചേർന്ന് പോത്തിനെ പിടികൂടാനുള്ള ശ്രമം നടത്തുകയാണ്. കോന്നി ആനത്താവളത്തിൽ നിന്നു വന്ന മൂന്നു പേരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
അതേസമയം, ഫയർഫോഴ്സിനെ വിവരം അറിയിച്ചപ്പോൾ പോത്തിനെ പിടികൂടാനുള്ള ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന വിചിത്രമായ മറുപടിയാണ് ലഭിച്ചതെന്നും ആരോപണമുണ്ട്.വിരണ്ടോടിയ പോത്ത് കോന്നി ടൗണിലെ നിരവധി വാഹനങ്ങളും തകർത്തു.

