ജോസഫൈന് ദയ പെരുമാറ്റത്തിലും മനസ്സിലുമില്ല; എന്തിന് നിയമിച്ചെന്ന് ജയരാജനോട് ടി.പത്മനാഭന്‍

കണ്ണൂര്‍: പരാതിയുമായി എത്തിയ വയോധികയെ അധിക്ഷേപിച്ചെന്ന പരാതിയിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ അതി രൂക്ഷ വിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭൻ, വയോധികയ്ക്ക് എതിരെ ജോസഫൈൻ നടത്തിയ അധിക്ഷേപം ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് അധ്യക്ഷ പെരുമാറിയത്.
ഇന്നോവ കാറും വലിയ ശന്പളവും നൽകി ഇവരെ നിയമച്ചത് എന്തിനെന്നും ടി പത്മനാഭൻ ചോദിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം തീരുമാനിച്ച ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി. ജയരാജൻ അടക്കമുള്ള പാര്‍ട്ടി നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കും മുന്നിലാണ് ടി പത്മനാഭൻ പൊട്ടിത്തെറിച്ചത്.
വനിതാ കമ്മീഷനെതിരെ ഇങ്ങനെ സംസാരിച്ചത് കൊണ്ട് തനിക്കെതിരെയും കേസെടുക്കുമെന്ന് ഭയപ്പെടുന്നതായും ടി. പത്മനാഭൻ പറഞ്ഞു. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെല്ലാം ഇത്തരം കാര്യങ്ങളിൽ മുങ്ങിപ്പോകുന്നതിൽ ജാഗ്രത വേണമെന്നും വീട്ടിലെത്തിയ പി. ജയരാജനോട് പത്മനാഭൻ പറഞ്ഞു. മാധ്യമങ്ങൾ പുറത്ത് ഇറങ്ങിയ ശേഷം പതിനഞ്ച് മിനിറ്റോളം പി ജയരാജൻ ടി പത്മനാഭനുമായി സംസാരിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയ പി ജയരാജൻ വിമര്‍ശനം എംസി ജോസഫൈനെ അറിയിക്കുമെന്ന് പറഞ്ഞു.