റിസോർട്ടിൽ കാട്ടാന ആക്രമണത്തിൽ വിനോദ സഞ്ചാരി കൊല്ലപ്പെട്ട സംഭവം: കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു

വയനാട്: മേപ്പാടിയിലെ റിസോർട്ടിൽ കാട്ടാന ആക്രമണത്തിൽ വിനോദ സഞ്ചാരി കൊല്ലപ്പെട്ട സംഭവത്തിൽ വയനാട് ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു. അനുമതിയില്ലാത്ത ടെന്‍റ് റിസോർട്ടുകൾക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. എളന്പലേരിയിലെ റിസോർട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ ചേലേരി കണ്ണാടിപ്പറന്പ് കാരയാപ്പ് കല്ലറപ്പുര ഹൗസിൽ ഷഹാനയാണ് മരിച്ചത്. കോഴിക്കോട് പേരാന്പ്ര ദാറുന്നുജൂം ആർട്സ് ആന്‍റ് സയൻസ് കോളേജിൽ സൈക്കോളജി അദ്ധ്യാപികയാണ്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.
30 അംഗ സംഘത്തിനൊപ്പം എത്തിയ യുവതി റിസോർട്ടിനു പുറത്തു കെട്ടിയ കൂടാരത്തിലിരിക്കുന്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടെങ്കിലും ഷഹാനക്ക് ആനയുടെ ചവിട്ടേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.