വാളയാർ കേസ്; തുടരന്വേഷണത്തിന് അനുമതി

പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതി അനുമതി നൽകി. തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം. എസ്പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിനുള്ള അപേക്ഷ പാലക്കാട് പോക്‌സോ കോടതിയിൽ നൽകിയത്. കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെയാണ് പുതിയ സംഘം അന്വേഷണം നടത്തുന്നത്. ജനുവരി 19നാണ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചത്.
നിശാന്തിനി ഐപിഎസിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. ക്രൈംബ്രാഞ്ച് എസ്പി എഎസ് രാജു, ഡിസിപി ഹേമലത എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരിക്കും.