പാലാ സീറ്റിൽ തന്നെ മത്സരിക്കും

കോട്ടയം: പാലാ സീറ്റിൽ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന്‍. കുട്ടനാട്ടിൽ മത്സരിക്കാനില്ല. 27 ചേരുന്ന എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്നും മാണി സി. കാപ്പൻ കോട്ടയത്ത് പറഞ്ഞു. ഞാൻ മത്സരിച്ച് ജയിച്ച സീറ്റ് തരമോ എന്ന് ചോദിക്കേണ്ട കാര്യമില്ല. എന്റെ സീറ്റാണത്. ഞാൻ തന്നെ മത്സരിക്കും. മൂന്നുതവണ മത്സരിച്ച് നാലാമത്തെ തവണയാണ് വിജയിച്ചത്. അങ്ങനെ പിടിച്ചെടുത്ത സീറ്റ് തോറ്റ പാർട്ടിക്ക് കൊടുക്കേണ്ട ഗതികേട് എൻസിപിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുള്ള കത്ത് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന് സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാൾ അയച്ചു. സംസ്ഥാനം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിന്റേയും റിവേഴ്സ് ഹവാലയുടേയും കേന്ദ്രമാണെന്നും എൻസിപി കത്തിൽ വ്യക്തമാക്കി. ഫെബ്രുവരി അവസാനം ആറ് മന്ത്രിമാരേയും സ്പീക്കറേയും ഇഡി ചോദ്യം ചെയ്യും. എൽഡിഎഫിൽ തുടരുന്നത് എൻസിപിയ്ക്ക് ദോഷം ചെയ്യുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
എന്നാൽ, മുന്നണി വിടാനുള്ള എൻസിപിയിലെ നേതാക്കളുടെ നീക്കത്തിനെതിരെ എ.കെ. ശശീന്ദ്രൻ വിഭാഗം രംഗത്ത് വന്നു. ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന് ആരെങ്കിലും കത്ത് അയച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി വിരുദ്ധമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവി പറഞ്ഞു. സംസ്ഥാന നേതൃത്വം അങ്ങനെയൊരു കത്ത് അയക്കാന്‍ തീരുമാനിച്ചിട്ടില്ല. മാണി സി കാപ്പനും പീതാംബരൻ മാസ്റ്ററും മുന്നണി വിടില്ലെന്നാണ് പ്രതീക്ഷയെന്നും അവർ പോയാലും യഥാർത്ഥ എൻസിപിയായി എൽഡിഎഫിൽ തുടരുമെന്നും റസാഖ് മൗലവി മാധ്യമങ്ങളോട് വ്യക്തമാക്കി.