ബിജു പ്രഭാകർ പറഞ്ഞതെല്ലാം ശരിയെന്ന് കെഎസ്ആർടിസി ധനകാര്യ പരിശോധനാ വിഭാഗം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ധനകാര്യ പരിശോധനാവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര പിഴവുകൾ. 100.75 കോടി രൂപ ചെലവാക്കിയതിന് കൃത്യമായ കണക്കുകളില്ലാതെയാണെന്നും വ്യക്തമായി. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്. 2010 മുതൽ 2013 വരെയുള്ള വരവ് ചെലവ് കണക്കുകൾക്കാണ് വ്യക്തമായ രേഖയില്ലാത്തത്. ചീഫ് ഓഫീസിൽ നിന്ന് ഡിപ്പോകളിലേക്ക് നൽകിയ പണത്തിന് രേഖകൾ ഒന്നും ഇല്ല. അതിനാൽ വ്യത്യാസം വന്ന പണം സസ്പെൻഡ് എന്നപേരിൽ എഴുതി മാറ്റിയിരിക്കുകയാണ്. ഇതിനൊപ്പം ഈ കാലയളവിൽ ഓരോ ഡിപ്പോയിൽ നിന്നും ലഭിച്ച വരുമാനത്തെ സംബന്ധിച്ച രേഖകളും, ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളും സൂക്ഷിച്ചിട്ടില്ല. കെ.ടി.ഡി.എഫ്.സിയുമായുള്ള പണമിടപാടുകൾ നടക്കുന്ന സമയമായിരന്നു ഇത്. രേഖകൾ സൂക്ഷിക്കാത്തതിന് കെ എം ശ്രീകുമാർ അടക്കം നാലു പേർ ഉത്തരവാദികളാണ്. ഇതിൽ കെ.എം ശ്രീകുമാർ ഒഴികെയുളളവർ വിരമിച്ചു. അതിനാലാണ് കെ എം ശ്രീകുമാറിനെതിരെ നടപടിയെടുത്തത്. ഇവർ പണം തട്ടിയെടുത്തു എന്ന് രേഖകളിൽ പരാമർശമില്ല. സാന്പത്തിക തട്ടിപ്പുനടത്താനാണോ ഇതെന്ന സംശയമാണ് റിപ്പോർട്ടിൽ ഉന്നയിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിക്കണമെന്നും ഒരു മാസത്തിനകം രേഖകൾ കണ്ടെത്തണമെന്ന് കർശന നിർദ്ദേശം നൽകിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.




