കൂടുപൊളിച്ച് രക്ഷപെട്ട കടുവയെ കണ്ടെത്തി


തിരുവനന്തപുരം: നെയ്യാർ ഡാമിലെ സഫാരി പാർക്കിൽ നിന്നും കൂടുപൊളിച്ച് രക്ഷപെട്ട കടുവയെ കണ്ടെത്തി. പാർക്കിനുള്ളിൽ തന്നെയാണ് കടുവയെ കണ്ടെത്തിയത്. ഇതിനെ വീണ്ടും കൂട്ടിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മയക്കുവെടി വച്ച് കടുവയെ കീഴ്പ്പെടുത്താനും ആലോചിക്കുന്നുണ്ട്.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വയനാട്ടിൽനിന്നും നെയ്യാർ സിംഹസഫാരി പാർക്കിലെത്തിച്ച കടുവ കൂട്ടിൽ നിന്നും രക്ഷപ്പെട്ടത്. കൂടിന്‍റെ കമ്പി വളഞ്ഞതാണ് കടുവ രക്ഷപ്പെടാൻ കാരണമെന്ന് വനംവകുപ്പ് അധികൃതർ വിശദീകരിച്ചു. വെള്ളിയാഴ്ചയാണ് വയനാട്ടിൽ നിന്നും കടുവയെ നെയ്യാറിൽ എത്തിച്ചത്. രണ്ടു മാസത്തോളം വയനാട് ചീയമ്പം പ്രദേശത്ത് വളർത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ കടുവ കഴിഞ്ഞ 25-നാണ് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങിയത്. ചീയമ്പം കോളനി പരിസരത്തെ ആനപന്തിയിലാണ് കടുവയ്ക്ക് കെണിവച്ചിരുന്നത്. ചീയമ്പം പ്രദേശത്ത് നിന്ന് നാലു വർഷത്തിനിടെ പിടികൂടുന്ന മൂന്നാമത്തെ കടുവയാണിത്. ട്രീറ്റ്മെന്‍റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാ‍ർപ്പിച്ചത്. ഈ കൂടിന്‍റെ മേൽഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടു പോയത്. സഫാരി പാ‍ർക്കിന് പുറത്തേക്ക് കടുവ പോകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും പ്രദേശത്ത് ഭീതിപടർന്നിരുന്നു. ഡ്രോൺ കാമറയടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് സഫാരി പാർക്കിൽ തെരച്ചിൽ നടത്തിയിരുന്നത്. നെയ്യാ‍ർ സഫാരി പാർക്കിലുള്ള രണ്ട് സിംഹങ്ങളും സുരക്ഷതിരാണെന്നും അവ രണ്ടും കൂട്ടിലുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു. തിരുവനന്തപുരം മൃഗശാലയിലെ വെറ്റിനറി ഡോക്ട‍ർ അടക്കമുള്ള സംഘം നെയ്യാറിലെത്തിയിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed