നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം; മരണകാരണം ശ്വാസതടസമെന്ന് രാസപരിശോധനാഫലം
ആലുവ: ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ മരണ കാരണം ശ്വാസതടസമെന്ന് രാസപരിശോധന ഫലം. നാണയം വിഴുങ്ങിയത് മൂലമല്ല ശ്വാസ തടസം ഉണ്ടായത്. ആന്തരിക അവയവ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരിൽ താമസിക്കുന്ന നന്ദിനി-രാജ് ദമ്പതികളുടെ ഏകമകൻ പൃഥ്വിരാജാണ് ജൂലൈ 31ന് മരിച്ചത്. കുട്ടിയെ ചികിത്സയ്ക്കായി മൂന്നു സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ആവശ്യമായ ചികിത്സ കിട്ടാതെയാണു കുട്ടി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കുട്ടിയെ എത്തിച്ചിരുന്നു. പഴവും വെള്ളവും കൊടുത്താല്‍ മലത്തിനോടൊപ്പം നാണയവും പുറത്തേക്ക് വരുമെന്ന് പറഞ്ഞ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ വയറ്റിൽ ഒന്നിനു പകരം രണ്ട് നാണയത്തുട്ടുകളാണ് കണ്ടെത്തിയത്. ഒന്ന് ഒരു രൂപയുടെയും മറ്റേത് 50 പൈസയുടേതുമായിരുന്നു. ഈ നാണയങ്ങൾ വിഴുങ്ങിയതല്ല മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനവും.
കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയും ഒരു രൂപ നാണയം വിഴുങ്ങിയെന്നായിരുന്നു. എന്നാൽ, നാണയം വയറ്റിൽ എത്തുമ്പോൾ ചെറു കുടലിനോ വൻ കുടലിനോ യാതൊരു ക്ഷതവുമേറ്റിരിന്നില്ലായെന്ന് ഡോക്ടർമാർ പറയുന്നു. മാത്രമല്ല ഒരു നാണയം പുറത്തേക്ക് വരാൻ മലാശയം വരെ എത്തിയ നിലയിലായിരുന്നു. കുട്ടിയെ ചികിത്സക്കായി ആദ്യമെത്തിച്ച ആലുവ ജില്ലാ ആശുപത്രിയിലേയും ആലപ്പുഴ മെഡിക്കൽ കോളജിലേയും എക്സ്റേകളിൽ വയറ്റിൽ ഒരു നാണയമാണ് തെളിഞ്ഞു കണ്ടിരുന്നത്. പോസ്റ്റ്മോമോർട്ടത്തിൽ രണ്ട് നാണയം കണ്ടെത്തിയതാണ് ദുരുഹതയ്ക്ക് കാരണമായി. ഇതോടെ മരണ കാരണം സ്ഥിരീകരിക്കാൻ കുട്ടിയുടെ ആന്തരീകാവയവങ്ങൾ പതോളജിക്കൽ ഓട്ടോപ്സിക്കായി കാക്കനാട് റീജണൽ ലബോറട്ടറിയിലേക്ക് അയച്ചത്.

