ഇന്ത്യയുടെ കോവിഡ് വാക്സിൻ ഈ വർഷം അവസാനമെത്തും
ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാനുള്ള ഇന്ത്യൻ നിർമിത കോവാക്സിൻ ഈ വർഷം അവസാനം ജനങ്ങളിലെത്തിക്കാനായേക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ഹർഷവർദ്ധൻ. ഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായാണ് കോവാക്സിൻ വികസിപ്പിക്കുന്നത്. ഒപ്പം തന്നെ സിഡസ് കാഡിലയുടെ സൈക്കോവ്- ഡി വാക്സിൻ, സിറം ഇൻസ്റ്റിറ്റിയൂട്ടിന്‍റെ ഓക്സ്ഫഡ് വാക്സിൻ എന്നിവയും ഇന്ത്യയിൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷണങ്ങൾ നടക്കുകയാണെന്നും ഈ വർഷം അവസാനത്തോടെ അത് ജനങ്ങളിലെത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓക്സഫഡ് വാക്സിൻ പരീക്ഷണം ആരംഭിച്ച കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. വാക്സിനുകളുടെ പരീക്ഷണങ്ങളെല്ലാം വിജയിച്ചാൽ തീർച്ചയായും 2021 ആദ്യത്തോടെ വിപണിയിലെത്തിക്കാമെന്നും അദ്ദേഹം പറയുന്നു. ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ തങ്ങൾ പുറത്തിറക്കിയതായി ഈയടുത്ത് റഷ്യ അവകാശപ്പെട്ടിരുന്നു. കോവിഡ് വാക്സിൻ വലിയ തോതിൽ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ കഴിവിൽ റഷ്യയും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

