അക്കൗണ്ടിൽനിന്നു പണം നഷ്ടമായിട്ടില്ലെന്നു തിരുവനന്തപുരം കളക്ടർ

തിരുവനന്തപുരം: വഞ്ചിയൂർ അഡീഷണൽ സബ്ട്രഷറിയിലെ ജില്ലാ കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടമായിട്ടില്ലെന്നു തിരുവനന്തപുരം കളക്ടർ നവ്ജ്യോത് ഖോസ. ഇതു സംബന്ധിച്ചു ട്രഷറി ഡയറക്ടർ റിപ്പോർട്ട് നൽകി. കളക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ട്രഷറി വകുപ്പിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സർക്കാർ അക്കൗണ്ടിലെ പണം തിരിമറികൾക്കായി ഉപയോഗിച്ചതായി കണ്ടെത്തി. ഇതേതുടർന്ന് അക്കൗണ്ട്സ് ഓഫീസർ ബിജുലാലിനെ സസ്പെൻഡ് ചെയ്തു.
ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ട്രഷറി ഡയറക്ടർ കളക്ടർക്കു നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. വഞ്ചിയൂർ സബ് ട്രഷറിയിലെ അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടതായാണു റിപ്പോർട്ടുകൾ പുറത്തുവന്നത്. ജോലിയിൽ നിന്നും മാസങ്ങൾക്കു മുന്പു പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്‍റെ യൂസർ നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ചാണു പണം തിരിമറി നടത്തിയത്. വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്‍റാണു ബിജുലാൽ. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ട്രഷറി വകുപ്പ് പോലീസിൽ പരാതി നൽകി. വഞ്ചിയൂർ പോലീസിനും സിറ്റി പോലീസ് കമ്മീഷണർക്കുമാണു പരാതി നൽകിയത്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നു ട്രഷറി ഉദ്യോഗസ്ഥൻ പറഞ്ഞു.