സ്വർണ്ണക്കടത്ത് സംഘത്തിന് സിനിമാ മേഖലയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ചലച്ചിത്ര സംഘടനകൾ
കൊച്ചി: സ്വർണ്ണക്കടത്ത് സംഘത്തിന് സിനിമാ മേഖലയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാക്കി ചലച്ചിത്ര സംഘടനകൾ. ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് പിന്നിൽ കള്ളപ്പണം ഉണ്ടെന്ന് സംശയിക്കുന്നതായി പ്രമുഖ നിർമ്മാതാവ് സിയാദ് കോക്കർ ആരോപിച്ചു. ഫൈസൽ ഫരീദിനെ കേരളത്തിലെത്തിച്ചശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് എൻഐഎ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
നയതന്ത്ര ബാഗ് വഴി സ്വർണ്ണം കടത്തിയ സംഘത്തിലെ പ്രധാനി ഫൈസൽ ഫരീദിന് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. നാല് സിനിമകളിൽ ഇയാൾ പണം ഇറക്കിയതായും സൂചനയുണ്ട്. പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ച മറ്റൊരു സിനിമയുടെ പിന്നിലും ഫൈസൽ ഫരീദും സംഘവുമാണെന്നും ആക്ഷേപം ഉയർന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി അംഗമായ സിയാദ് കോക്കർ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെടുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങൾക്കായി ഇത്രത്തോളം പണം എവിടെ നിന്ന് വരുന്നുവെന്നാണ് സിയാദ് കോക്കറിന്‍റെ ചോദ്യം.
വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന നിലപാടാണ് ഫിലിം ചേംബറിന്‍റേയും. നിലവിൽ ദുബായിലുള്ള ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാതെ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകില്ലെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറയുന്നു. ചില സംശയങ്ങൾ മാത്രമാണുള്ളത്. ഫൈസൽ ഫരീദിനെ കസ്റ്റഡിയിൽ കിട്ടിയശേഷം ഇക്കാര്യത്തിലും അന്വേഷണം ഉണ്ടാകുമെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു.


