കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിന് കൊവിഡ്; ആശങ്ക
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ സ്റ്റാഫ് നഴ്‌സിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ഡ്യൂട്ടിയിൽ ഇല്ലായിരുന്ന നഴ്‌സിനാണ് രോഗബാധ.
ഇതുമായി ബന്ധപ്പെട്ട് മുൻകരുതൽ നടപടികൾ ചർച്ച ചെയ്യാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു. ഇവരുടെ സന്പർക്കപ്പട്ടിക തയാറാക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് ശേഷമാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ട് ദിവസം മുന്പാണ് ഇവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയത്. പിന്നീട് പിജി ഹോസ്റ്റലിൽ ക്വാറന്റീനിലാക്കി. കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് കെയർ സെന്ററായി പ്രവർത്തിക്കുന്ന എൻഎൻജിയിലേക്ക് ഇവരെ മാറ്റിയിട്ടുണ്ട്. നഴ്‌സിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. ക്വാറന്റീനിലിരിക്കെ ഇവർക്ക് ഭക്ഷണം നൽകിയിരുന്ന രണ്ട് പേരെ കൊവിഡ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.


