സ്വർണക്കടത്തുകേസ്: മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഒാഫീസ് അന്വേഷണത്തിന് വിധേയമാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കള്ളക്കടത്തിന് സഹായിച്ചത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയാണെന്ന് മുഖ്യപ്രതികളെല്ലാം പറഞ്ഞു കഴിഞ്ഞു. അതിനാൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. ധാർമിക ഉത്തവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. സ്വന്തം ഒാഫീസ് പോലും നടത്തിക്കൊണ്ടുപാേകാൻ കഴിയാത്ത വ്യക്തിയാണ് മുഖ്യമന്ത്രി. ശക്തനായ മുഖ്യമന്ത്രി അല്ല പിണറായി. അവിടെ നടക്കുന്ന കാര്യങ്ങളൊന്നും അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. നാലുവർഷമായി ഒപ്പം പ്രവർത്തിച്ച ആളിനെ മനസിലാക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. കഴിവുളള ഭരണാധികാരിയാണെന്ന പ്രചാരവേലമാത്രമാണ് നടക്കുന്നത്. ഉപ്പുതിന്നവർ വെള്ളം കുടിക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ഉപ്പുതിന്ന എല്ലാവരും വെളളം കുടിക്കുന്നില്ല. സർക്കാരിന് പ്രതിച്ഛായയേ ഇല്ല. ഇല്ലാത്ത കാര്യം എങ്ങനെ നശിപ്പിക്കും. പി ആർ വർക്കുകൊണ്ട് പ്രതിച്ഛായ കൂട്ടാൻ കഴിയില്ല. കൺസൾട്ടൻസി രാജാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


