സ്വപ്ന സുരേഷ് മരുമകള്‍ ആണെന്ന പ്രചാരണം; ഡിജിപിക്ക് പരാതി നൽകി തമ്പാനൂര്‍ രവി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയായ സ്വപ്ന സുരേഷ് തന്റെ മരുമകള്‍ ആണെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വ്യാജമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. ഇതിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് തമ്പാനൂർ രവി പരാതി നൽകി.
സ്വപ്ന സുരേഷ് എന്ന സ്ത്രീയെ തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ലെന്ന് നേരത്തെ തമ്പാനൂർ രവി ഫേസ്ബുക്കിൽ കുറിച്ചു.
തന്പാനൂർ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്: "കോണ്‍സുലേറ്റ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപനാ സുരേഷ് എന്റെ മരുമകൾ ആണ് എന്ന തരത്തിൽ ചില സൈബർ സഖാക്കൾ പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സ്വപനാ സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാൻ നടത്തുന്ന ശ്രമമായി ആണ് ഞാൻ ഇതിനെ കാണുന്നത്. ഇത്തരത്തിൽ വ്യാജ വാർത്തകൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചവർക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി നിയമ നടപടി സ്വീകരിക്കുന്നതാണ്."

