കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ആറുപേർ പിടിയിൽ
കൊല്ലം: കൊച്ചുകുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ആറുപേർ പിടിയിൽ. കൊല്ലം റൂറൽ ജില്ലയിൽ ഓപ്പറേഷൻ ചൈൽഡ് പോണാഗ്രാഫി ഹണ്ടിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ ജില്ലാ സൈബർസെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റുകൾ.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ ശാസ്താംകോട്ട, മനക്കര കിഴക്ക്, ശ്രീ മന്ദിരത്തിൽ അഭിൻ (20), കടക്കൽ ഗോവിന്ദമംഗംലം കോക്കോട്ടുകോണം, അംബിക വിലാസത്തിൽ അനുരാജ് (25), കൊട്ടാരക്കര കിഴക്കേക്കര നേതാജി നഗർ ആഞ്ഞിലിവേലിൽ അഖിൽ എബ്രഹാം (25) , പുത്തൂർ വെണ്ടാർ പാണ്ടറ പാലന്റഴികത്ത് താഴതിൽ വീട്ടിൽ അഭിജിത്ത് (21), അഞ്ചൽ കരുകോൺ പുത്തയം സ്വദേശിയായ 16 വയസ്സുകാരൻ, അഞ്ചൽ അലയമൺ തടത്തിൽ പുത്തൻ വീട്ടിൽ അനുസെൽജിൻ എന്നിവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ടെലഗ്രാം ആപ്ലിക്കേഷൻ വഴിയാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്. ചിത്രങ്ങളും വീഡിയോകളും സ്റ്റോറു ചെയ്യാൻ ക്ലൗഡ് സർവ്വീസുകളും പ്രതികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ 67ബി ഐ.ടി ആക്ട് പ്രകാരവും പോക്സോ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊല്ലം റൂറൽ സൈബർസെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടത്തി കേസുകൾ എടുത്തത്.
പ്രതികളിൽ നിന്ന് 6 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. പിടിയിലായ എല്ലാവരും 25 വയസ്സിന് താഴെയുള്ളവരാണ്. പരിശോധനകൾക്ക് എ.എസ്.ഐ. ജഗദീപ്, ബിനു.സി.എസ്, സുനിൽകുമാർ, വിബു.എസ്.വി, രജിത് ബാലകൃഷ്ണൻ, മഹേഷ് മോഹൻ എന്നിവർ നേതൃത്വം നൽകി.

